വിദേശനാണയ ചട്ടലംഘനം; അറസ്റ്റിലായ മലയാളി വ്യവസായി സി.സി. തമ്പിയെ നാല് ദിവസം കൂടി എന്‍ഫോഴ്സ്മെന്‍റ് കസ്റ്റഡിയില്‍ വിട്ടു

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Friday, January 24, 2020

ന്യൂഡല്‍ഹി : വിദേശനാണയ ചട്ടലംഘനത്തിന് അറസ്റ്റിലായ മലയാളി വ്യവസായി സി.സി. തമ്പിയെ നാല് ദിവസം കൂടി എന്‍ഫോഴ്സ്മെന്‍റ് കസ്റ്റഡിയില്‍ വിട്ടു. സി.സി. തമ്പിയുടെ ജാമ്യാപേക്ഷ 28 ന് പരിഗണിക്കും. ഡല്‍ഹി റോസ് അവന്യൂ കോടതിയാണ് കേസ് പരിഗണിക്കുന്നത്. കേസില്‍ മൂന്നു സാക്ഷികള്‍ക്ക് നോട്ടീസ് നല്‍കിയെന്ന് എന്‍ഫോഴ്സ്മെന്റ് കോടതിയെ ബോധിപ്പിച്ചു .

അതേ സമയം ചോദ്യം ചെയ്യലില്‍ പുരോഗതിയുണ്ടെന്ന് എന്‍ഫോഴ്സ്മെന്റ് കോടതിയോട് വെളിപ്പെടുത്തി . നോട്ടീസ് നല്‍കിയ മൂന്ന് സാക്ഷികളില്‍ ഒരു സാക്ഷി അന്വേഷണ സംഘത്തെ വന്നുകണ്ടു. മറ്റു രണ്ട് പേര്‍ പിന്നീട് എത്തുമെന്ന് അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ മൂന്നു ദിവസത്തെ നീണ്ട ചോദ്യം ചെയ്യലില്‍ കൂടുതല്‍ തെളിവുകള്‍ തമ്ബിയില്‍ നിന്ന് ലഭിച്ചെന്നും അന്വേഷണ സംഘം കോടതിയെ അറിയിച്ചു.

അര്‍ബുദത്തിന് പുറമെ തമ്പിക്ക് മൂത്രാശയ പ്രശ്നങ്ങളും ഉണ്ടെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ കോടതിയില്‍ വ്യക്തമാക്കി. 2019 ജൂണ്‍ മുതല്‍ ഇതുവരെ, 60 മുതല്‍ 80 മണിക്കൂര്‍ ചോദ്യം ചെയ്തതായും അഭിഭാഷകന്‍ പറഞ്ഞു. ഇതിന് പുറമെയാണ് ഇപ്പോള്‍ ആറ് ദിവസം ചോദ്യം ചെയ്തതെന്നും തമ്ബിക്ക് മാനുഷിക പരിഗണന നല്‍കണമെന്നും തമ്ബിയുടെ അഭിഭാഷകന്‍ കോടതിയോട് ആവശ്യപ്പെട്ടു.

×