സുഹൃത്തിന് ബുള്ളറ്റ് ഓടിക്കാൻ നൽകി ; ഇപ്പോൾ ഒരു ബുള്ളറ്റിന് ഉടമകൾ രണ്ട് ! 

ന്യൂസ് ബ്യൂറോ, മലപ്പുറം
Tuesday, November 19, 2019

തിരൂർ : ഓടിക്കാനായി ബുള്ളറ്റ് എടുത്തുകൊണ്ട് പോയ സുഹൃത്ത് മറ്റൊരാൾക്ക് വാഹനം പണയപ്പെടുത്തി. പുലിവാല് പിടിച്ച് തിരൂർ സ്വദേശിനി. വാഹനം പണയപ്പെടുത്തിയെന്ന് അറിഞ്ഞ യുവതി തിരൂർ ജോയിന്റ് ആർടിഒയ്ക്ക് പരാതി നൽകി.

എന്നാൽ ഈ പരാതി നിലനിൽക്കെ തന്നെ വാഹനം പണയമായി സ്വീകരിച്ച മഞ്ചേരി സ്വദേശി മലപ്പുറം ആർടി ഓഫീസിൽ നിന്ന് വാഹനം സ്വന്തംപേരിലാക്കി രജിസ്റ്റർ ചെയ്തു. ഇതോടെ ബുള്ളറ്റും രണ്ടുടമകളുമായി തർക്കം മുറുകുകയായിരുന്നു.

പോലീസ് അന്വേഷണം ആരംഭിച്ചതോടെ സംഗതി പ്രശ്നമാകുമെന്ന് കണ്ട് ചിലർ തിരൂരുകാരിയായ യുവതിയുടെ വീട്ടിൽ കൊണ്ട് ബുള്ളറ്റ് നൽകുകയായിരുന്നു. പക്ഷേ മഞ്ചേരി സ്വദേശിയുടെ പരാതിയുടെ തുടർന്ന് വാഹനം പൊലീസ് തിരൂർ സ്റ്റേഷനിലേക്ക് മാറ്റി.

അന്തിമ തീരുമാനം എടുക്കാൻ ആർടി ഓഫീസിൽ നിന്നുള്ള രേഖയുമായി വരാൻ ഉടമകളോട് ആവശ്യപ്പെട്ടിരിക്കുകയാണ് പൊലീസ്.

×