പുതിയ മോട്ടോർ വാഹന നിയമപ്രകാരം കാളവണ്ടിക്കും 1000 രൂപ പിഴ ഇട്ട് പൊലീസ്‌ ! 

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ഡെറാഡൂണ്‍: പുതുക്കിയ മോട്ടോര്‍ വാഹന നിയമപ്രകാരമുള്ള കേസുകളും പിഴകളും കഴിഞ്ഞ കുറച്ചുദിവസങ്ങളായി വാര്‍ത്തകളില്‍ സജീവമാണ്.പുതിയ മോട്ടോർ വാഹന നിയമപ്രകാരം ഒരു കാളവണ്ടി ഉടമക്ക് പൊലീസ് പിഴ ചുമത്തിയതാണ് പുതിയ വാര്‍ത്ത.

Advertisment

ഡെറാഡൂണിലെ സഹാസ്പൂരിലാണ് സംഭവം. ചാര്‍ബ ഗ്രാമത്തിലെ കാളവണ്ടി ഉടമയായ റിയാസ് ഹസനാണ് 1000 രൂപ ഫൈന്‍ ലഭിച്ചത്. തന്റെ കൃഷിസ്ഥലത്തിനടുത്തായി കാളവണ്ടി നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു ഇദ്ദേഹം.

publive-image

രാത്രി സബ് ഇന്‍സ്‌പെക്ടര്‍ പങ്കജ് കുമാറിന്റെ നേതൃത്വത്തിലുള്ള ഒരു പോലീസ് സംഘം പ്രദേശത്ത് പട്രോളിംഗ് നടത്തുന്നതിനിടെ ഈ വണ്ടി കണ്ടു. തുടര്‍ന്ന് നാട്ടുകാരോട് അന്വേഷിച്ചപ്പോള്‍ റിയാസിന്റെ കാളവണ്ടിയാണെന്ന് കണ്ടെത്തുകയും വണ്ടി പോലീസ് റിയാസിന്റെ വീട്ടിലേക്ക് കൊണ്ടുപോകുകയും ചെയ്തു. തുടര്‍ന്ന് എംവി ആക്ടിന്റെ സെക്ഷന്‍ 81 പ്രകാരം 1000 രൂപയുടെ ചലാന്‍ ഉടമക്ക് കൈമാറി.

എന്നാല്‍ ഇത് ഉടമ ചോദ്യം ചെയ്‍തു. തന്റെ വാഹനം സ്വന്തം വയലിനു പുറത്ത് നിര്‍ത്തിയതിന് എങ്ങനെ പിഴ ഈടാക്കുമെന്നും കാളവണ്ടികള്‍ എംവി ആക്ടില്‍ ഉള്‍പെടില്ലെന്നിരിക്കെ എംവി ആക്ട് അനുസരിച്ച് പിഴ ഈടാക്കിയത് എന്തിനാണെന്നും റിയാസ് ചോദിച്ചു. ഇതോടെ തെറ്റ് മനസ്സിലാക്കിയ പൊലീസ് ചലാന്‍ റദ്ദാക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

അനധികൃത മണല്‍ ഖനനം നടക്കുന്ന മേഖലയാണിതെന്നും ഇവിടെ മണല്‍ കടത്തിന് കാളവണ്ടികള്‍ ഉപയോഗിക്കുന്നത് പതിവാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. റിയാസിന്റെ കാളവണ്ടി ഇതിന് ഉപയോഗിക്കുന്നുവെന്ന് സംശയിച്ചാണത്രെ പോലീസ് നടപടിക്ക് തുനിഞ്ഞത്.

Advertisment