സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; 4 ജില്ലകളിൽ റെഡ് അലർട്ട്

ന്യൂസ് ബ്യൂറോ, കൊല്ലം
Thursday, December 3, 2020

തിരുവനന്തപുരം : ബുറെവി ചുഴലിക്കാറ്റിന് മുന്നോടിയായി സംസ്ഥാനത്ത് മുന്നൊരുക്കങ്ങൾ ശക്തമാക്കി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായി 4 ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

തലസ്ഥാന ജില്ലയിലും ബുറെവി സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമറിയിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ തിരുവനന്തപുരം ജില്ലയിൽ മുന്നൊരുക്കങ്ങൾ ആരംഭിച്ചു. നാളെ ഉച്ചക്ക് ശേഷം ജില്ലയിൽ ചുഴലിക്കാറ്റിൻ്റെ സ്വാധീനമുണ്ടാകും.

കടൽക്ഷോഭ സാധ്യത ഉണ്ട്. ശക്തമായ മഴക്കും കാറ്റിനും സാധ്യത ഉണ്ടെന്നും ജില്ലാ കളക്ടർ അറിയിച്ചു. ജില്ലയിലെ മുഴുവൻ ബീച്ചിലും നിയന്ത്രണം ഏർപ്പെടുത്തിയെന്നും അടിയന്തിര സാഹചര്യങ്ങൾ നേരിടാൻ കളക്ടോറ്റിൽ കൺട്രോൾ റൂം തുറന്നതായും കളക്ടർ വ്യക്തമാക്കി.

ജില്ലയിൽ റാപ്പിഡ് റെസ്പോൺസ് ടീമിനെ വിന്യസിച്ചു. KSEBക്ക് നിർദ്ദേശങ്ങൾ നൽകി. 150 പേരുടെ വാളൻ്റിയർ ടീം സംഘടിപ്പിച്ചു. ദേശീയ ദുരന്തനിവാരണ സേനയുടെ 20 അംഗ സംഘം തലസ്ഥാനത്തെത്തിയെന്നും കളക്ടർ അറിയിച്ചു.

നാളെ ഉച്ചയോടെ ചുഴലിക്കാറ്റിൻ്റെ സഞ്ചാരപാതയും ജില്ലയിൽ എപ്പോൾ പ്രവേശിക്കുമെന്ന് അറിയാം. അപകട സാധ്യതാ മേഖലയിലുള്ളവരെ മാറ്റിപ്പാർപ്പിക്കാൻ ദുരിതാശ്വാസ ക്യാമ്പുകളും സജ്ജമാക്കിയിട്ടുണ്ട്.

×