ബസില്‍ കയറുന്നതിനിടെ ബസ് മുന്നോട്ടെടുത്തു;  തെറിച്ചു വീണ വീട്ടമ്മയുടെ നില ഗുരുതരം; ഇടതു കാല്‍ മുറിച്ചു നീക്കി

ന്യൂസ് ബ്യൂറോ, കോട്ടയം
Sunday, November 17, 2019

കടുത്തുരുത്തി : ബസില്‍ കയറുന്നതിനിടെ ബസ് മുന്നോട്ടെടുത്തു. ബസില്‍ നിന്നും തെറിച്ചു വീണ  ഗുരുതരമായി പരുക്കേറ്റ വീട്ടമ്മയുടെ ഇടതു കാല്‍ ശസ്ത്രക്രിയ നടത്തി മുറിച്ചു നീക്കി. പേരൂര്‍ കോട്ടമുറിക്കല്‍ തോമസിന്റെ ഭാര്യ പെണ്ണമ്മയാണ് (57) അപകടത്തില്‍ പെട്ടത്. ആയാംകുടി- പാലാ റൂട്ടില്‍ ഓടുന്ന ജസീന എന്ന സ്വകാര്യ ബസില്‍ കയറുമ്പോഴായിരുന്നു അപകടം.

കല്ലറയിലുള്ള ബന്ധുവിന്റെ വീട്ടില്‍ പോയ പെണ്ണമ്മയ്‌ക്കൊപ്പം സഹോദരി ഐവിയുമുണ്ടായിരുന്നു. സ്റ്റോപ്പില്‍ നിര്‍ത്തിയ ബസിന്റെ മുന്‍വശത്തെ വാതിലില്‍ക്കൂടി ഐവി ആദ്യം കയറി. പെണ്ണമ്മ കയറുന്നതുമുമ്പു ബെല്ലടിച്ചു. ബസ് മുന്നോട്ടെടുത്തോടെ പെണ്ണമ്മ റോഡിലേക്ക് തെറിച്ചു വീണു. ഇടതുകാലിലൂടെ ടയര്‍ കയറി ഇറങ്ങി. തലയ്ക്കും പരുക്കുണ്ട്.

യാത്രക്കാര്‍ ബഹളം വച്ചതോടെ ബസ് നിര്‍ത്തി. പെണ്ണമ്മയെ ഉടനെ കാരിത്താസ് ആശുപത്രിയിലെത്തിച്ചു. ചികില്‍സിച്ച് ഭേദമാക്കാന്‍ കഴിയാത്ത നിലയിലായിരുന്നതിനാല്‍ കാല്‍ മുറിച്ചു നീക്കുകയായിരുന്നു. അപകടമുണ്ടാക്കിയ ബസ് തുടര്‍ന്നും സര്‍വീസ് നടത്തിയതായി ബന്ധുക്കള്‍ പരാതിപ്പെട്ടു.

×