ഒരു മൊബെെൽ ഫോൺ വാങ്ങിയാൽ ഒരു കിലോ ഉള്ളി ഫ്രീ !

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Sunday, December 8, 2019

ചെന്നെെ: ദിവസം തോറും ഉള്ളിവില കുത്തനെ ഉയരുകയാണ്. ബംഗളൂരു നഗരത്തിൽ ഉള്ളിയുടെ വില 200 രൂപയിലെത്തി. ഒരു കിലോയ്ക്ക് 140 തൊട്ട് 200 രൂപ വരെയാണ് ഈടാക്കുന്നത്. വരും ദിവസങ്ങളിലും ഉള്ളിയുടെ വില വർദ്ധിക്കുമെന്നാണ് നഗരത്തിലെ വ്യാപാരികൾ പറയുന്നത്.

എന്നാൽ,​ മതിയായ ഗുണനിലവാരമുള്ള ഉള്ളിയല്ല നഗരത്തിലെത്തിക്കുന്നതെന്നും ആരോപണമുണ്ട്. ഇതിനിടെ വർദ്ധിക്കുന്ന ഉള്ലിവില ഒരു മാർക്കറ്റിംഗ് തന്ത്രമായി ഇറക്കുന്നവരുമുണ്ട്. ഇത്തരത്തിൽ തമിഴ്‌നാട്ടിലെ പുതുക്കോട്ടയിലെ ഒരു മൊബൈല്‍ ഫോണ്‍ കടയാണ് ഉള്ളിയെകൂടെക്കൂട്ടി മാർക്കറ്റിംഗ് നടത്തുന്നത്.

എസ്.ടി.ആര്‍ മൊബൈല്‍സ് എന്ന സ്ഥാപനത്തില്‍നിന്ന് സ്മാര്‍ട്ട് ഫോണ്‍ വാങ്ങിയാല്‍ ഒരു കിലോ ഉള്ളി സൗജന്യമായി നല്‍കുമെന്നാണ് വാഗ്ദ്ധാനം. ഇക്കാര്യം അറിയിച്ച് സ്ഥാപനത്തിന് മുന്നില്‍ പോസ്റ്റര്‍ പതിക്കുകയും ചെയ്തു. പുതിയ ഓഫറും പോസ്റ്ററുമെല്ലാം സോഷ്യൽമീഡിയയിൽ വൻ ഹിറ്റായി. ഇപ്പോള്‍ വില്‍പ്പന കൂടിയെന്നാണ് കടയുടമയായ ശരവണ കുമാര്‍ പറയുന്നത്. സ്മാര്‍ട്ട് ഫോണ്‍ വാങ്ങുന്നവര്‍ക്ക് അവരുടെ ഇഷ്ടാനുസരണം ഉള്ളി തിരഞ്ഞെടുക്കാനും ഇവിടെ അവസരമുണ്ട്.

എട്ടുവര്‍ഷം മുമ്പ് തുടങ്ങിയ സ്ഥാപനമാണിത്. ഇതുവരെ ദിവസേന രണ്ട് മൊബൈല്‍ ഫോണ്‍ മാത്രമാണ് വിറ്റുപോയിരുന്നത്. എന്നാല്‍ ഉള്ളി സമ്മാനമായി നല്‍കുമെന്ന് പ്രഖ്യാപിച്ചതോടെ വില്‍പ്പന കൂടി. കഴിഞ്ഞ രണ്ടുദിവസമായി എട്ട് മൊബൈല്‍ ഫോണുകളാണ് ഓരോ ദിവസവും വിറ്റുപോയത്- ശരവണ കുമാര്‍ പറഞ്ഞു.

×