കനാലില്‍ കണ്ടെത്തിയ അജ്ഞാത മൃതദേഹം പുറത്തെടുക്കാന്‍ 2,000 രൂപ കൂലി ചോദിച്ചു ; ഒടുവില്‍ സി.ഐ. കനാലില്‍ച്ചാടി മൃതദേഹം പുറത്തെടുത്തു ;  സംഭവം പത്തനാപുരത്ത്‌

ന്യൂസ് ബ്യൂറോ, കൊല്ലം
Thursday, February 27, 2020

പത്തനാപുരം: മൃതദേഹം പുറത്തെടുക്കാന്‍ തൊഴിലാളി 2,000 രൂപ കൂലി ചോദിച്ചു. ഒടുവില്‍ സി.ഐ. തന്നെ കനാലില്‍ച്ചാടി മൃതദേഹം പുറത്തെടുത്തു. സംഭവം കൊല്ലം പത്താനപുരത്താണ്. പത്തനാപുരം സിഐ അന്‍വറാണ് ഇങ്ങനെ താരമായിരിക്കുന്നത്.

ബുധനാഴ്ച വൈകീട്ട് ആറുമണിയോടെ കെ ഐ പി വലതുകര കനാലിന്റെ വാഴപ്പാറ അരിപ്പയ്ക്ക് സമീപം ഇന്നലെ വൈകുന്നേരത്തോടെയാണ് അജ്ഞാത മൃതദേഹം കണ്ടെത്തിയത്.

മൃതദേഹം കരയ്ക്ക് എടുക്കാന്‍ നാട്ടുകാരില്‍ ആരും തയ്യാറായില്ല. ഇതേ തുടര്‍ന്ന് സ്ഥലത്തെത്തിയ തൊഴിലാളി 2000 രൂപ ചോദിച്ചു. തുടര്‍ന്ന് പത്തനാപുരം സി ഐ അന്‍വര്‍ യൂണിഫോം അഴിച്ചുവച്ച് കനാലില്‍ ഇറങ്ങി മൃതദേഹം കരയ്‌ക്കെത്തിക്കുകയായിരുന്നു.

പത്തടിയിലധികം വെള്ളമൊഴുകുന്ന കനാലില്‍ സി.ഐ. ഇറങ്ങിയതോടെ മറ്റൊരാളും സഹായിക്കാനെത്തി. പുറത്തെടുത്ത മൃതദേഹം പുനലൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. അടിഞ്ഞു കൂടിയ മാലിന്യത്തില്‍തട്ടിക്കിടന്ന മൃതദേഹം ഏതുനിമിഷവും നീര്‍പ്പാലത്തിലേക്ക് ഒഴുകിപ്പോകാന്‍ സാധ്യത ഏറെയായിരുന്നു.

മൃതദേഹം കരയ്ക്ക് എത്തിക്കാന്‍ വെള്ളത്തിലിറങ്ങിയ പത്തനാപുരം സിഐ അന്‍വര്‍ സമൂഹമാധ്യമങ്ങളില്‍ താരമായി.

×