‘നഗ്‌ന ഫോട്ടോ അയച്ച് പുന്നാരം പറയുന്നതും സ്വകാര്യമായി ഒത്തു കൂടി രതിയുടെ രസം നുകരുന്നതും പ്രണയമല്ല’: വൈറലായി ഒരു പ്രണയദിന പോസ്റ്റ്

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Thursday, February 13, 2020

ലൈംഗിക ചോദനകളുടെ വികൃതികൾ കൊണ്ട് ത്രില്ലും ലഹരിയും ഉണ്ടാകും പക്ഷെ പ്രണയം ഉണ്ടാകില്ല.. അതിന് പരസ്പരം നന്നായി അറിഞ്ഞു കൊണ്ടുള്ള അടുപ്പവും ബന്ധത്തോടുള്ള പ്രതിബദ്ധതയും പങ്കാളിയോടുള്ള ആദരവും കൂടി വേണം.. പ്രശസ്ത മനശാസ്ത്രജ്ഞൻ സി.ജെ ജോണിന്റെ വാക്കുകളാണിത്. പ്രണയദിനാശംസകൾ അറിയിച്ചു കൊണ്ട് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ ഈ കാലഘട്ടത്തിലെ പ്രണയത്തെക്കുറിച്ച് പറഞ്ഞു വയ്ക്കുകയാണ് അദ്ദേഹം..

കുറിപ്പിന്റെ പൂർണ്ണരൂപം:

ആരുടേയും മനസ്സിനും ശരീരത്തിനും പരിക്ക് ഏൽപ്പിക്കാതെയുള്ള അക്രമരഹിത പ്രണയങ്ങൾ ഈ വാലൻന്റൈൻ ദിനത്തിൽ ആശംസിക്കുന്നു. പ്രണയം ഇല്ലെങ്കിൽ ജീവിതം ശൂന്യമെന്നൊരു വിചാരത്തെ വാലൻന്റൈൻ ആഘോഷങ്ങൾ നിർമ്മിച്ചിട്ടുണ്ട്.

ഒരു ലൈൻ ഇല്ലെങ്കിൽ എന്തൊരു ജീവിതമെന്ന ചിന്തയിൽ സ്‌കൂൾ പിള്ളേർ പോലും പ്രണയിക്കാൻ ഇറങ്ങുന്നുണ്ട്. ഇത് വ്യാപകവും അംഗീകൃതവുമായതോടെ ഡിസ്പോസിബിൾ പ്രണയങ്ങളുടെയും, ടോക്സിക് പ്രേമങ്ങളുടെയും തോത് കൂടി.. തേപ്പും, ബ്രേക്ക് അപ്പും
ഒരു പതിവ് കഥയായി.

വാലൻന്റൈൻ ഭാവങ്ങളുടെ തുടർച്ചയായി കത്തിക്കലും കുത്തലും ഭീഷണിയുമൊക്കെ ഉണ്ടാകാൻ തുടങ്ങി. ഗിഫ്ട് കൈമാറി പൊന്നേ മുത്തേയെന്നു മന്ത്രിക്കുന്നത് മാത്രമല്ല പ്രണയം. പരസ്പരം നഗ്‌ന ഫോട്ടോ വാട്സാപ്പിൽ അയച്ചു പുന്നാരം പറയുന്നതും പ്രണയമല്ല. എവിടെയെങ്കിലും സ്വകാര്യമായി ഒത്തു കൂടി രതിയുടെ രസം നുകരുന്നതും പ്രണയമല്ല.

ലൈംഗീക ചോദനകളുടെ ഇത്തരം വികൃതികൾ കൊണ്ട് ത്രില്ലും ലഹരിയും ഉണ്ടാകും. പക്ഷേ നല്ല പ്രണയം ഉണ്ടാവില്ല . അതിനു പരസ്പരം നന്നായി അറിഞ്ഞുള്ള അടുപ്പവും സൃഷ്ടിക്കപ്പെടുന്ന ബന്ധത്തിനോടുള്ള പ്രതിബദ്ധതയും, പങ്കാളിയോടുള്ള ആദരവും കൂടി വേണം. ഇങ്ങനെ ഓരോന്ന് എഴുതി ഞങ്ങടെ പ്രണയത്തെ കോമ്പ്ലിക്കറ്റ് ചെയ്യാൻ ശ്രമിക്കരുതെന്ന് ചൊല്ലി കല്ലെറിയുന്ന ചെറുപ്പക്കാരുണ്ടാകും.

എറിയട്ടെ.. അവരിൽ പലരെയും പിന്നീട് മാനസിക തകർച്ചയിൽ കാണേണ്ടി വരുമല്ലോ ?അപ്പോൾ ആ കല്ല് ഒരു വാലൻന്റൈൻ സമ്മാനമായി പൊതിഞ്ഞു കൊടുക്കാം.. റെസ്പോൺസിബിൾ ആൻഡ് ഹാപ്പി വാലൻന്റൈൻ ഡേ .
അത് നാളെയാണ് ..നാളെയാണ് …

×