പൗരത്വ നിയമ ഭേദഗതി; ജാമിയ മിലിയയില്‍നിന്ന് ഷഹീന്‍ബാഗിലേക്ക് മെഴുകുതിരി മാര്‍ച്ച്

ഉല്ലാസ് ചന്ദ്രൻ
Sunday, January 19, 2020

ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ ജാമിയ മിലിയയില്‍നിന്ന് ഷഹീന്‍ബാഗിലേക്ക് മെഴുകുതിരി മാര്‍ച്ച് സംഘടിപ്പിച്ചു. ഇന്നലെ രാത്രിയാണ് മാര്‍ച്ച് സംഘടിപ്പിച്ചത്. കത്തിച്ച മെഴുകുതിരി കൈയില്‍ പിടിച്ച് നൂറുകണക്കിനാളുകള്‍ സമരത്തിനെത്തി.

ഗാന്ധിയുടെയും ഭഗത് സിംഗിന്റെയും അംബേദ്കറിന്റെയും വേഷമണിഞ്ഞായിരുന്നു സമരക്കാര്‍ എത്തിയത്. യൂണിവേഴ്സിറ്റി കവാടത്തില്‍നിന്ന് ഷഹീന്‍ബാഗില്‍ സ്ത്രീകളും കുട്ടികളും സമരം ചെയ്യുന്ന സ്ഥലത്തേക്കാണ് ആസാദി മുദ്രാവാക്യങ്ങളോടെ മാര്‍ച്ച് സംഘടിപ്പിച്ചത്.

ഷഹീന്‍ബാഗിലെ സമരക്കാര്‍ റാലിയെ സ്വീകരിച്ചു. ഒരു മാസത്തോളമായി പൗരത്വ നിയമ ഭേദഗതിക്കെതിരെ ഷഹീന്‍ബാഗില്‍ സ്ത്രീകളും കുട്ടികളും സമരത്തിലാണ്. കൊടും തണുപ്പിലും അതെല്ലാം മറന്ന് മതേതര പ്രതീകങ്ങള്‍ ഉയര്‍ത്തിയാണ് ഇവരുടെ പ്രതിഷേധ സമരം. നോയിഡ കാളിന്ദികുഞ്ച് റോഡില്‍ ആദ്യം പൗരത്വ നിയമഭേദഗതിക്കെതിരെ പ്രതിഷേധം തുടങ്ങിയത് പത്ത് അമ്മമാരായിരുന്നു. സമരം തുടങ്ങി ഒരു മാസം പിന്നിടുമ്പോള്‍ ഈ സമരപന്തലിലേയ്ക്ക് എത്തിയത് നൂറുകണക്കിന് അമ്മമാരാണ്.

×