ബംഗളൂരു: പൗരത്വ ഭേദഗതി ബില്ലിനെതിരേ വിദ്യാര്‍ഥികള്‍ സ്‌കൂളില്‍ നാടകം അവതരിപ്പിച്ചതിന് പിന്നാലെ രാജ്യദ്രോഹക്കുറ്റത്തിന് അറസ്റ്റിലായ പ്രിന്‍സിപ്പാളിനും വിദ്യാര്‍ഥികളില്‍ ഒരാളുടെ മാതാവിനും ജാമ്യം. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഫരീദാ ബീഗം, നാടകം അവതരിപ്പിച്ച വിദാര്‍ഥികളില്‍ ഒരാളുടെ മാതാവായ നസ്ബുന്നിസ മിന്‍സ എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചത്.
ജനുവരി 21-നാണ് ബീദറിലെ 'ഷഹീന്‍ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷ'ന്റെ സ്‌കൂളില്‍ നാല്, അഞ്ച്, ആറ് ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ പൗരത്വ നിയമ ഭേദഗതിക്കെതിരായ നാടകം അവതരിപ്പിച്ചത്. നാടകം നടന്ന് അഞ്ചുദിവസത്തിനു ശേഷം സ്‌കൂളിനെതിരെ പോലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ മോശം പരാമര്‍ശങ്ങള്‍ നാടകത്തിലുണ്ടായിരുന്നുവെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു പോലീസ് നടപടി. തുടര്‍ന്ന് നസ്ബുന്നിസയും ഫരീദയും അറസ്റ്റിലായി. നാടകത്തിന്റെ തിരക്കഥയിലില്ലാതിരുന്ന വാക്കുകള്‍ നസ്ബുന്നിസ കുട്ടിയെ പഠിപ്പിച്ചുവെന്നാണ് പോലീസ് പറയുന്നത്.
ഫരീദയുടെ അറിവോടെയും അനുമതിയോടെയുമാണ് നാടകം അവതരിപ്പിക്കപ്പെട്ടതെന്നും പോലീസ് പറഞ്ഞു. നാടകത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഓണ്‍ലൈനില്‍ പ്രചരിച്ചതിനു പിന്നാലെയാണ് പോലീസിന്റെ നടപടി. നാടകത്തില്‍ പങ്കെടുത്ത കുട്ടികളെ പോലീസ് പലയാവര്‍ത്തി ചോദ്യം ചെയ്തിരുന്നു.