Advertisment

പൗരത്വ ഭേദഗതി ബില്‍: സ്‌റ്റേയില്ല, നാലാഴ്ചയ്ക്കകം കേന്ദ്രം മറുപടി നല്‍കണം

New Update

ന്യൂഡല്‍ഹി: വിവാദ പൗരത്വ ഭേദഗതി നിയമം കേന്ദ്രസര്‍ക്കാരിന്റെ ഭാഗം കേള്‍ക്കാതെ സ്റ്റേ ചെയ്യാന്‍ സുപ്രീം കോടതി വിസമ്മതിച്ചു. വിഷയം മെരിറ്റിന്റെ അടിസ്ഥാനത്തില്‍ തീര്‍പ്പാക്കാന്‍ ഭരണഘടനാ ബെഞ്ചിന് വിടാനുള്ള സാദ്ധ്യതയും ചീഫ് ജസ്റ്റീസ് എസ്.എ. ബോബ്ഡെ, ജസ്റ്റീസുമാരായ അബ്ദുള്‍ നസീര്‍, സഞ്ജീവ് ഖന്ന എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ച് സൂചിപ്പിച്ചു. പൗരത്വ നിയമം പോലുള്ള ഒരു നിയമവും തിരുത്താന്‍ പറ്റാത്തതാണെന്ന് കരുതുന്നില്ലെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

Advertisment

publive-image

പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമര്‍പ്പിച്ച 144 ഹര്‍ജികളാണ് ലിസ്റ്റ് ചെയ്തിരുന്നത്. ഏകപക്ഷീയമായി ഇടക്കാല ഉത്തരവിടാന്‍ വിസമ്മതിച്ച കോടതി, മറുപടി നല്‍കാന്‍ കേന്ദ്രസര്‍ക്കാരിന് നാലാഴ്ച അനുവദിച്ചു. കുടിയേറ്റക്കാരെയും സംശയമുള്ള പൗരന്മാരെയും തിരിച്ചറിയാന്‍ മതത്തിന്റെ അടിസ്ഥാനത്തില്‍ ജനസംഖ്യാ വിവരങ്ങള്‍ ശേഖരിക്കുന്ന നടപടികള്‍ മാറ്റി വയ്ക്കുകയെങ്കിലും ചെയ്യണമെന്ന വൈകാരികമായ അപേക്ഷയും കോടതി ചെവിക്കൊണ്ടില്ല.

സ്റ്റേ ഉള്‍പ്പെടെയുള്ള ആവശ്യങ്ങളില്‍ ഇടക്കാല ഉത്തരവിനായി കേസ് ഫെബ്രുവരിയില്‍ പരിഗണിക്കും. രാജ്യവ്യാപകമായി പൗരത്വപ്പട്ടിക നടപ്പാക്കുന്നുണ്ടോയെന്നതില്‍ വ്യക്തത തേടി മുസ്ലിംലീഗ് നല്‍കിയ അപേക്ഷയിലും കേന്ദ്രത്തിന് നോട്ടീസ് അയച്ചിട്ടുണ്ട്. ഹൈക്കോടതികള്‍ വിഷയം പരിഗണിക്കുന്നതും തടഞ്ഞിട്ടുണ്ട്. അസാം കരാര്‍ ലംഘിച്ചു എന്നതടക്കമുള്ള കാരണങ്ങള്‍ ചൂണ്ടിക്കാട്ടി അസാം, ത്രിപുര സംസ്ഥാനങ്ങളില്‍ നിന്നുള്ള ഹര്‍ജികള്‍ പ്രത്യേകമായി പരിഗണിക്കും.

ഹര്‍ജികളില്‍ മറുപടി നല്‍കാന്‍ കേന്ദ്രത്തിന് ആറ് ആഴ്ചത്തെ സമയം വേണമെന്ന് അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ ആവശ്യപ്പെട്ടു. അറുപത് ഹര്‍ജികളിലാണ് നോട്ടീസ് ലഭിച്ചത്. എണ്‍പത് ഹര്‍ജികള്‍ കൂടിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് 80 ഹര്‍ജികളില്‍ കൂടി കോടതി നോട്ടീസ് ഉത്തരവായി. ഏപ്രിലില്‍ തുടങ്ങാനിരിക്കുന്ന ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ നടപടികള്‍ മൂന്നു മാസത്തേക്കെങ്കിലും മാറ്റിവയ്ക്കണമെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ ആവശ്യപ്പെട്ടു. സ്റ്റേ ആവശ്യം അംഗീകരിക്കാനാവില്ലെന്ന് എ.ജി നിലപാടെടുത്തു.

supreme court bill caa
Advertisment