ദുരിതപ്പെരുമഴ മരണം വിതയ്ക്കുന്നു : പിഞ്ചുകുഞ്ഞ് ഉള്‍പ്പെടെ മരിച്ചവരുടെ എണ്ണം 8 ആയി. വെള്ളം കയറിയ വീട് വിട്ടിറങ്ങുന്നതിനിടെ യുവതി കുഴഞ്ഞുവീണ് മരിച്ചു

ന്യൂസ് ബ്യൂറോ, കോഴിക്കോട്
Thursday, August 8, 2019

കോഴിക്കോട് : സംസ്ഥാനത്ത് ദുരിതപ്പെരുമഴയില്‍ ഒരു വയസുള്ള പിഞ്ചുകുഞ്ഞ് ഉള്‍പ്പെടെ മരിച്ചവരുടെ എണ്ണം 8 ആയി. ഇടുക്കിയില്‍ മാത്രം മൂന്ന് പേരാണ് മരിച്ചത്.

ഇടുക്കി ചിന്നക്കനാലില്‍ തോട്ടം തൊഴിലാളികളുടെ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് (1) വയസുകാരി മഞ്ജുശ്രീ മരിച്ചു. മറയൂരില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ വയോധിക ജ്യോതിയമ്മ (72) ഒഴുക്കില്‍പ്പെട്ടു മരിച്ചു. കാഞ്ഞാറില്‍ ഷെഡ് തകര്‍ന്ന് വീണാണ് ഒഡീഷ സ്വദേശി മധു കൃഷ്ണാനി മരണപ്പെട്ടത്.

വയനാട് മുട്ടില്‍ മലയിലുണ്ടായ ഉരുള്‍പൊട്ടലിലാണ് രണ്ടുപേര്‍ മരിച്ചത് . മുട്ടില്‍ പഴശ്ശികോളനിയിലെ സുമേഷ് (28), പ്രീനു (25) എന്നിവരാണ് മരിച്ചത്. പനമരത്ത് വെള്ളം കയറിയ വീടൊഴിയുന്നതിനിടെ യുവതി കുഴഞ്ഞ് വീണ് മരിച്ചു. കാക്കത്തോട് കോളനിയിലെ മുത്തു(24) ആണ് മരിച്ചത്. ഇതോടെ വയനാട്ടിൽ മരിച്ചവരുടെ എണ്ണം മൂന്നായി.

അട്ടപ്പാടിയിൽ വീടിന് മുകളിൽ  മരംവീണാണ് ചൂണ്ടകുളം ഊരിലെ കാര(50) മരിച്ചത്. കണ്ണൂര്‍ കുഴിക്കല്‍ വീട്ടില്‍ പത്മനാഭന്‍ തോട്ടില്‍ വീണും മരണപ്പെട്ടു.

ഇടുക്കി, കോഴിക്കോട്, വയനാട്, മലപ്പുറം എന്നീ നാല് ജില്ലകളിൽ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട് ജില്ലയിൽ അ‍ഞ്ഞൂറ് പേരെ മാറ്റിപാർപ്പിച്ചു. തൃശൂർ, കോഴിക്കോട്, പത്തനംതിട്ട ജില്ലകളിൽ വെള്ളിയാഴ്ച പ്രൊഫൽണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

×