Advertisment

പ്രളയത്തില്‍ വീട് നഷ്ടപെട്ടവര്‍ പ്രത്യേകം അപേക്ഷ നല്‍കേണ്ട, ഭവനവായ്പകൾക്ക് ഒരു വർഷം മോറട്ടോറിയം - മുഖ്യമന്ത്രി

New Update

publive-image

Advertisment

തിരുവനന്തപുരം: പ്രളയക്കെടുതിയിൽ വീടിന് ഉൾപ്പെടെ നാശം സംഭവിച്ചവർ സർക്കാരിൽനിന്ന് നഷ്ടപരിഹാരം ലഭിക്കാൻ പ്രത്യേകം അപേക്ഷ സമർപ്പിക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്. റവന്യൂ, തദ്ദേശ സ്വയംഭരണ വകുപ്പ് അധികൃതർ സ്ഥലം സന്ദർശിച്ച് നൽകുന്ന പരിശോധനാ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് മാനദണ്ഡങ്ങൾക്കനുസരിച്ച് സഹായം നൽകുന്നത്. രേഖകൾ നഷ്ടപ്പെട്ടവർമാത്രമേ ഓൺലൈനിലൂടെ അപേക്ഷിക്കേണ്ടതുള്ളൂ.

സർക്കാർ വെബ്‌സൈറ്റിൽ ഇതിനായി ഓൺലൈൻ സംവിധാനം ഒരുക്കും. സ്വന്തമായി അപേക്ഷിക്കാനാകാത്തവർക്ക് അക്ഷയസെന്ററുകൾ വഴി സൗജന്യമായി അപേക്ഷ നൽകാം. അക്ഷയസെന്ററുകൾക്ക് ഇതിനുള്ള തുക സർക്കാർ നൽകും.

ഭവനവായ്പകൾക്ക് ഒരു വർഷം മോറട്ടോറിയം പ്രഖ്യാപിക്കാമെന്ന് ബാങ്കേഴ്‌സ് സമിതി സമ്മതിച്ചിട്ടുണ്ട്. വീട് പുനർനിർമാണം, അറ്റകുറ്റപ്പണി എന്നിവയ്ക്ക് അധികവായ്പ അനുവദിക്കും. അഞ്ചുലക്ഷം വരെയുള്ള അധികവായ്പകൾക്ക് മാർജിൻമണി ഉണ്ടാവില്ല.

തകരാറിലായ വാഹനങ്ങളുടെ ഇൻഷുറൻസ് തുക ലഭ്യമാക്കാനുള്ള നടപടികൾ ത്വരപ്പെടുത്തും. സ്വകാര്യ പണമിടപാട് സ്ഥാപനങ്ങൾ ദുരിതാശ്വാസ ക്യാമ്പുകളിൽ എത്തി കുടിശ്ശിക പിരിക്കുന്നത് അവസാനിപ്പിക്കാൻ സർക്കാർ ഇടപെടും.

ആധാർ, റേഷൻ കാർഡ് തുടങ്ങിയ രേഖകൾ നഷ്ടമായവർക്ക് അവ ഒരു കേന്ദ്രത്തിൽനിന്ന് നൽകാൻ ഐ.ടി. അധിഷ്ഠിത സംവിധാനം ഏർപ്പെടുത്തും. ഇതിന് പുതിയ സോഫ്റ്റ്‌വേർ തയ്യാറാക്കാൻ സർക്കാർ വകുപ്പുകൾ അവരുടെ ഡേറ്റാ ബേസ് കൈമാറണം. സെപ്റ്റംബർ ആദ്യം ഇതിനായി വിവിധ സ്ഥലങ്ങളിൽ അദാലത്ത് നടത്തും. 30-ന് പരീക്ഷണാടിസ്ഥാനത്തിൽ ഏതെങ്കിലും ഒരു വാർഡിൽ അദാലത്ത് നടത്തും.

flood pinarayivijayan
Advertisment