സിന്ധു, ചിനാബ്, ഝലം നദികളിലെ ജലം വഴിതിരിച്ചു വിടാന്‍ ഇന്ത്യ നടത്തുന്ന ഏതു ശ്രമവും പ്രകോപനമായി കണക്കാക്കുമെന്നു പാക്കിസ്ഥാന്‍

ഇന്‍റര്‍നാഷണല്‍ ഡസ്ക്
Wednesday, October 23, 2019

ഡല്‍ഹി : പാക്കിസ്ഥാനിലേക്ക് ഒഴുകുന്ന അധികജലം വഴിതിരിച്ചുവിടാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ നടത്തുന്ന ഓരോ നീക്കവും ഏറെ ആശങ്കയോടെയാണു പാക്കിസ്ഥാന്‍ നിരീക്ഷിക്കുന്നത്.

സിന്ധു, ചിനാബ്, ഝലം നദികളിലെ ജലം വഴിതിരിച്ചു വിടാന്‍ ഇന്ത്യ നടത്തുന്ന ഏതു ശ്രമവും പ്രകോപനമായി കണക്കാക്കുമെന്നു പാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രി ഷാ മഹമൂദ് ഖുറേഷി പറഞ്ഞു. സിന്ധു നദീജല കരാറുമായി ബന്ധപ്പെട്ട ഉന്നതതല യോഗത്തില്‍ പങ്കെടുക്കുകയായിരുന്നു ഖുറേഷി.

പാക്കിസ്ഥാനിലേക്ക് ഒഴുകുന്ന അധിക നദീജലം വഴിതിരിച്ച് ഇന്ത്യന്‍ മണ്ണിലേക്കു തന്നെ ഒഴുക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയും യോഗത്തില്‍ ചര്‍ച്ചയായി. അത്തരത്തില്‍ ശ്രമമുണ്ടായാല്‍ ശക്തമായ മറുപടി നല്‍കുമെന്നും ഖുറേഷി വ്യക്തമാക്കി.

പാക്കിസ്ഥാനിലേക്കൊഴുകുന്ന നദീജലത്തിലെ ഇന്ത്യയുടെ വിഹിതം ഹരിയാനയിലെയും രാജസ്ഥാനിലെയും കര്‍ഷകര്‍ക്കു നല്‍കുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. ചര്‍ഖി ദാദ്രിയില്‍ ഗുസ്തിതാരം ബബിത ഫോഗട്ടിന്റെ പ്രചാരണാര്‍ഥമുള്ള റാലിയില്‍ പങ്കെടുക്കുന്നതിനിടെ മോദി നടത്തിയ പ്രസ്താവനയാണ് പാക്കിസ്ഥാനെ ചൊടിപ്പിച്ചത്.

×