ഗ്രൂപ്പുകളിക്കാരോട് കടക്കു പുറത്ത് പറഞ്ഞു ഹൈക്കമാന്‍ഡ് ! കോണ്‍ഗ്രസില്‍ നാലുതവണ മത്സരിച്ചവര്‍ക്കും കഴിഞ്ഞ രണ്ടുതവണ തോറ്റവര്‍ക്കും സീറ്റില്ല ! മാനദണ്ഡങ്ങള്‍ കര്‍ശനമാക്കണമന്നെ് നേതാക്കളോട് ഹൈക്കമാന്‍ഡ്. തദ്ദേശ തെരഞ്ഞെടുപ്പില്‍ തോറ്റവര്‍ക്കും സീറ്റില്ല. പ്രതിച്ഛായയുള്ളവരെയും ജനപിന്തുണയുള്ളവരെയും ഗ്രൂപ്പിന് അതീതമായി സ്ഥാനാര്‍ത്ഥിയാക്കണം. പകുതിയിലേറെ സീറ്റില്‍ പുതുമുഖങ്ങള്‍; ചെറുപ്പക്കാര്‍ക്കും വനിതകള്‍ക്കും പരിഗണന !

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Monday, January 18, 2021

തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനുള്ള മാനദണ്ഡങ്ങളുമായി കോണ്‍ഗ്രസ്. കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ നാല് തവണ മത്സരിച്ചവരെയും രണ്ടുതവണ തോറ്റവരെയും മത്സരിപ്പിക്കേണ്ടെന്നാണ് ഹൈക്കമാന്‍ഡ് തീരുമാനം. തദ്ദേശ തെരഞ്ഞെടുപ്പില്‍ തോറ്റവരെയും നിയമസഭയിലേക്ക് മത്സരിപ്പിക്കില്ല.

എന്നാല്‍, ഇക്കാര്യത്തില്‍ ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല എന്നീ മുതിര്‍ന്ന നേതാക്കള്‍ക്ക് ഇളവുകളുണ്ടാവും. എംപിമാരെ മത്സരിപ്പിക്കില്ല. എന്നാല്‍ എംപിമാര്‍ക്ക് മണ്ഡലത്തിലെ രണ്ട് വീതം സ്ഥാനാര്‍ത്ഥികളെ നിര്‍ദ്ദേശിക്കാമെന്നും ഹൈക്കമാന്‍ഡ് അറിയിച്ചിട്ടുണ്ട്.

സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കാനുള്ള മാനദണ്ഡങ്ങള്‍ക്ക് ഏകദേശ രൂപരേഖ ഹൈക്കമാന്‍ഡ് തയ്യാറാക്കിയിട്ടുണ്ട്. നല്ല പ്രതിച്ഛായയുള്ളവരെയും ജനപിന്തുണയുള്ളവരെയും സ്ഥാനാര്‍ത്ഥിയാക്കാനും നിര്‍ദ്ദേശമുണ്ട്.

സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ സാമുദായിക സമവാക്യം ഉറപ്പാക്കണം, യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും പ്രാതിനിധ്യം നല്‍കണം തുടങ്ങിയ നിര്‍ദ്ദേശങ്ങളും ഹൈക്കമാന്‍ഡ് നിര്‍ദേശിച്ചിട്ടുണ്ട്. കൂടുതല്‍ പുതുമുഖങ്ങള്‍ വേണമെന്നാണ് നിര്‍ദേശം.

കോണ്‍ഗ്രസ് മത്സരിക്കുന്ന 87 സീറ്റില്‍ പകുതിയിലേറെ പുതുമുഖങ്ങളോ ചെറുപ്പക്കാരോ ആവണമെന്നാണ് നിര്‍ദ്ദേശം. മണ്ഡലത്തില്‍ വ്യക്തിപരമായി സ്വാധീനമുള്ളവരെ ഗ്രൂപ്പിനതീതമായി വേണം പരിഗണിക്കാന്‍. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ഇത്തവണ ഗ്രൂപ്പ് വീതം വയ്പ്പ് അനുവദിക്കില്ലെന്നും നിര്‍ദേശമുണ്ട്.

ഹൈക്കമാന്‍ഡ് മുന്നോട്ടുവച്ച കാര്യങ്ങളില്‍ മുല്ലപ്പള്ളിയടക്കമുള്ളവര്‍ തൃപ്തികരമെന്നാണ് പ്രതികരിച്ചത്. ഹൈക്കമാന്‍ഡ് മാനദണ്ഡം പാലിച്ചാല്‍ ഇക്കുറി പല വമ്പന്‍മാര്‍ക്കും സീറ്റുണ്ടാകില്ല. അതേസമയം ഈ നേതാക്കളുടെ മാത്രം പിന്തുണയില്‍ ആരെങ്കിലും മത്സരിക്കാമെന്ന് വിചാരിക്കേണ്ടതില്ലെന്നും ഹൈക്കമാന്‍ഡ് നിലപാടെടുത്തിട്ടുണ്ട്.

കോണ്‍ഗ്രസിന്റെ മാത്രമല്ല പരമാവധി ഘടകകക്ഷികളും ഇത്തരത്തില്‍ ചെയ്യണമെന്നാണ് കോണ്‍ഗ്രസ് നിര്‍ദേശം. നാലുതവണ എംഎല്‍എയായവര്‍ക്ക് സീറ്റ് നല്‍കാതിരിക്കാന്‍ അതത് പാര്‍ട്ടികള്‍ ശ്രദ്ധിക്കണമെന്നാണ് ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടിരിക്കുന്നത്.

×