സീറ്റു വിഭജനം പൂര്‍ത്തിയാകും മുമ്പേ കോട്ടയത്ത് ജോസഫ് വിഭാഗത്തില്‍ തമ്മിലടി രൂക്ഷം. ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പനെ വെട്ടിയത് മോന്‍സ് ജോസഫും പ്രിന്‍സ് ലൂക്കോസും ചേര്‍ന്നെന്ന് ആക്ഷേപം ! ഏറ്റുമാനൂര്‍ സീറ്റില്‍ പ്രിന്‍സ് ലൂക്കോസിനെ പരിഗണിക്കുന്നതില്‍ എതിര്‍പ്പുമായി മഞ്ഞക്കടമ്പന്‍ ! കടുത്തുരുത്തിക്ക് പുറമെ ലഭിക്കുന്ന സീറ്റില്‍ മഞ്ഞക്കടമ്പന് സീറ്റു നല്‍കുമെന്ന് ഉറപ്പുപറഞ്ഞ ജോസഫ് സമയമായപ്പോള്‍ കാലുമാറി ! ഏറ്റുമാനൂര്‍ സീറ്റില്‍ തന്നെ മത്സരിപ്പിക്കണമെന്ന് മഞ്ഞക്കടമ്പന്‍. ജില്ലാ പ്രസിഡന്റിനെ മാറ്റി നിര്‍ത്തി സീറ്റ് ചര്‍ച്ചകള്‍ നടത്തുന്നതിലും സജിക്ക് അതൃപ്തി

ന്യൂസ് ബ്യൂറോ, കോട്ടയം
Monday, March 8, 2021

കോട്ടയം: കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന് കോട്ടയത്ത് കടുത്തുരുത്തിക്ക് പുറമെ ലഭിക്കുന്ന സീറ്റില്‍ പാര്‍ട്ടി ജില്ലാ പ്രസിഡന്റായ സജി മഞ്ഞക്കടമ്പനെ പരിഗണിക്കണമെന്ന ആവശ്യം ശക്തം. കടുത്തുരുത്തി, ചങ്ങനാശേരി, ഏറ്റുമാനൂര്‍ സീറ്റുകളാണ് ഇക്കുറി കോട്ടയം ജില്ലയില്‍ കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന് വിട്ടു നല്‍കിയത്. ഇതില്‍ ഏറ്റുമാനൂര്‍ സീറ്റ് സജി മഞ്ഞക്കടമ്പന് നല്‍കണമെന്നാണ് ആവശ്യം.

കേരളാ കോണ്‍ഗ്രസില്‍ പിളര്‍പ്പ് ഉണ്ടാകും മുമ്പു തര്‍ക്കം തുടങ്ങിയ കാലത്ത് തന്നെ ജോസഫിനൊപ്പം തുടര്‍ന്ന നേതാവാണ് സജി മഞ്ഞക്കടമ്പന്‍. ജോസഫ് വിഭാഗം പുതിയ പാര്‍ട്ടിയായി മാറിയപ്പോള്‍ന്നെ ജില്ലാ പ്രസിഡന്റ് സ്ഥാനത്തേക്ക് വന്നതും സജിയായിരുന്നു. അന്നു സജിക്ക് പിജെ ജോസഫ് വാഗ്ദാനം ചെയ്തതായിരുന്നു കോട്ടയം ജില്ലയിലെ നിയമസഭാ സീറ്റ്.

മോന്‍സിന് പുറമെ ലഭിക്കുന്ന ഏതു സീറ്റും സജി മഞ്ഞക്കടമ്പന് മത്സരിക്കാന്‍ അവസരം നല്‍കുമെന്നുമായിരുന്നു വാഗ്ദാനം. എന്നാല്‍ തെരഞ്ഞെടുപ്പ് അടുത്തതോടെ സജിയെ ജോസഫ് തഴയുകയായിരുന്നു. ഇക്കുറി ജില്ലാ പ്രസിഡന്റായിരുന്നിട്ടു കൂടി ഒരുചര്‍ച്ചകളിലും സജിയെ ജോസഫ് പരിഗണിച്ചില്ല. മോന്‍സ് ജോസഫിന് പുറമെ ജോയ് എബ്രഹാമിനായിരുന്നു ജില്ലയില്‍ പ്രാമുഖ്യം ലഭിച്ചത്.

പൂഞ്ഞാര്‍ സീറ്റിനായി പിജെ ജോസഫ് ഒരു ഘട്ടത്തില്‍ പോലും ആവശ്യമുന്നയിക്കാത്തത് മഞ്ഞക്കടമ്പനെ വെട്ടാനാണെന്നാണ് ആക്ഷേപം. ഇതിനു പുറമെ സജിക്ക് ശേഷം പാര്‍ട്ടിയിലേക്കെത്തിയ പ്രിന്‍സ് ലൂക്കോസിനെ ഏറ്റൂമാനൂരില്‍ മത്സരിപ്പിക്കാന്‍ ചില നേതാക്കള്‍ നടത്തിയ നീക്കത്തിലും സജിക്ക് കടുത്ത അതൃപ്തിയുണ്ട്.

ഇതിനകം പ്രിന്‍സ് ലൂക്കോസ് ഏറ്റുമാനൂരില്‍ പ്രചാരണം തുടങ്ങി കഴിഞ്ഞിട്ടുണ്ട്. ജില്ലാ പ്രസിഡന്‍റായ സജിയെ അറിയിക്കാതെ സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചതിലും അതൃപ്തിയുണ്ട്. സീറ്റ് കിട്ടിയില്ലെങ്കില്‍ സജി റിബലായി ഇവിടെ മത്സരിക്കണമെന്നും ചിലര്‍ ആവശ്യപ്പെടുന്നുണ്ട്.

എന്നാല്‍ സീറ്റ് വിഭജനം പൂര്‍ത്തിയാക്കിയ ശേഷം സജിയുടെ ആവശ്യം പരിഗണിക്കാമെന്നാണ് പിജെ ജോസഫിന്റെ നിലപാട്. സജിയെ ഒതുക്കുന്നതിന് പിന്നില്‍ മോന്‍സ് ജോസഫും പ്രിന്‍സ് ലൂക്കോസുമാണെന്ന ആക്ഷേപവും ഉണ്ട്.

അതിനിടെ കേരള കോണ്‍ഗ്രസിന്റെ ഒരു സ്ഥാനാര്‍ത്ഥിയേയും ഇവിടെ ആവശ്യമില്ലെന്നാണ് ഏറ്റുമാനൂരിലെ യൂത്ത്‌കോണ്‍ഗ്രസ്, കോണ്‍ഗ്രസ് നേതാക്കളുടെ തീരുമാനം.

×