ദേശീയം

ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് പോകുന്നതിനിടെ കാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് സമീപത്തെ കടയിലേക്ക് ഇടിച്ചുകയറി; ആര്‍ക്കിടെക്ട് മരിച്ചു

ന്യൂസ് ബ്യൂറോ, കൊല്ലം
Friday, July 30, 2021

കൊല്ലം: ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് പോകുന്നതിനിടെ കൊല്ലത്ത് വാഹനാപകടത്തില്‍ പരിക്കേറ്റ ആര്‍ക്കിടെക്ട് മരിച്ചു. കൊല്ലം മുണ്ടയ്ക്കല്‍ എആര്‍എ നഗര്‍, ശിവമംഗലം വീട്ടില്‍ ജി പ്രശാന്ത് (44) ആണ് മരിച്ചത്.

ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ഭാര്യ ദിവ്യയുമൊത്ത് ബെന്‍സിഗര്‍ ആശുപത്രിയിലേക്ക്  സ്വയം കാറോടിച്ചുവരികയായിരുന്നു പ്രശാന്ത്.  ആശുപത്രിക്കുസമീപം വെച്ച് നെഞ്ചുവേദന പെട്ടെന്ന് കൂടിയതോടെ, കാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് സമീപത്തെ കടയിലേക്ക് ഇടിച്ചുകയറി.

ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍വശവും കടയോടുചേര്‍ന്നുള്ള മതിലും തകര്‍ന്നു. ഇരുവരെയും നാട്ടുകാര്‍ ബെന്‍സിഗര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പ്രശാന്തിനെ രക്ഷിക്കാനായില്ല. ഹൃദയസ്തംഭനമാണ് മരണകാരണമെന്ന് കരുതുന്നതായി പൊലീസ് പറഞ്ഞു.

നിസാര്‍ റഹിം ആന്‍ഡ് മാര്‍ക്ക് സ്‌കൂള്‍ ഓഫ് ആര്‍ക്കിടെക്ചര്‍ (എന്‍ആര്‍എംഎസ്എ) ഡീന്‍ ആണ് പ്രശാന്ത്. അപകടത്തില്‍ പരിക്കേറ്റ പ്രശാന്തിന്റെ ഭാര്യ ദിവ്യ ബെന്‍സിഗര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. കൊല്ലം ബാറിലെ അഭിഭാഷകയാണ് ഇവര്‍.

×