കൊല്ലം : ഇഞ്ചാക്കാട്ട് നിന്നു കഴിഞ്ഞ ദിവസം മോഷണം പോയ ബൈക്ക് തിരികെ ലഭിച്ചു. പകരം മറ്റൊരു കാറ് മോഷ്ടാക്കള്‍ കൊണ്ടു പോയി. ലഹരി കടത്തു സംഘങ്ങളാണ് മോഷണത്തിന് പിന്നിലെന്നാണ് പൊലീസിന്റെ നിഗമനം.
കഴിഞ്ഞ ബുധനാഴ്ച്ച പുലര്‍ച്ചെയാണ് കൊട്ടാരക്കര ഇഞ്ചക്കാട് സ്വദേശിയായ രതീഷ് കുമാറിന്റെ ബൈക്ക് മോഷണം പോയത്. യുവാവിന്റെ പരാതിയില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ബൈക്ക് ഒരു കിലോമീറ്റര്‍ അകലെ നിന്നു കണ്ടെത്തിയത്. എന്നാല്‍ കള്ളന്‍മാര്‍ വണ്ടി ഉപേക്ഷിച്ച സ്ഥലത്തു നിന്നു ഒരു കാറ് നഷ്ടപ്പെട്ടിട്ടുണ്ട്. കാറ് കിട്ടിയപ്പോള്‍ ബൈക്ക് ഉപേക്ഷിച്ചതാവാം എന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം.
പ്രദേശത്തെ സിസിടിവി ക്യാമറകള്‍ പരിശോധിച്ച് വരികയാണെന്ന് പൊലീസ് അറിയിച്ചു. മോഷ്ടിക്കുന്ന വാഹനങ്ങള്‍ ലഹരി കടത്തിനും ഗുണ്ടാ പ്രവര്‍ത്തനങ്ങള്‍ക്കുമാണ് ഉപയോഗിക്കുന്നതെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍.