ഇത് ഹിന്ദുവിന്റെ ഭൂമി, വേണമെങ്കില്‍ നിന്നെയും കൊല്ലും’; യുവതിക്കെതിരെ വധഭീഷണി മുഴക്കിയ സംഘപരിവാര്‍ അനുഭാവികളായ സ്ത്രീകള്‍ക്കെതിരെ കേസ്

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Friday, January 24, 2020

കൊച്ചി: കലൂര്‍ പാവക്കുളം ക്ഷേത്രത്തില്‍ പൗരത്വ നിയമത്തെ അനുകൂലിച്ച് നടത്തിയ പരിപാടിയില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച യുവതിയെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ വിഎച്ച്പി, ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു.

സംഘംചേര്‍ന്ന് ദേഹോപദ്രവം ഏല്‍പ്പിക്കല്‍, ഭീഷണിപ്പെടുത്തല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ്. നോര്‍ത്ത് പൊലീസാണ് കേസെടുത്തത്.

ഇന്നലെയാണ് തിരുവനന്തപുരം പേയാട് സ്വദേശിനിയായ യുവതി പരാതി നല്‍കിയത്. വിഎച്ച്പിയുടെ മാതൃസമിതിയുടെ നേതൃത്വത്തില്‍ പൗരത്വ അനുകൂല പരിപാടി നടന്നിരുന്നു. ഇതില്‍ മതവിദ്വേഷമുണ്ടാക്കുന്നുവെന്നാരോപിച്ചാണ് യുവതി പ്രതിഷേധിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

യുവതിയെ വ്യക്തിപരമായി അധിക്ഷേപിക്കുന്നതിന് പുറമേ ഇതരമത വിദ്വോഷമുണ്ടാക്കുന്ന രീതിയിലും മാതൃസമിതി അംഗങ്ങള്‍ സംസാരിച്ചിരുന്നു. പെണ്‍മക്കളെ കാക്ക കൊത്താതിരിക്കാനാണ് താന്‍ നെറ്റിയില്‍ സിന്ദൂരമണിയുന്നതെന്നും ഹിന്ദുവിന്റെ ഭൂമിയാണിതെന്നും വീഡിയോയിലുണ്ടായിരുന്നു.

×