സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പ്രാക്ടിക്കല്‍ പരീക്ഷ: സുപ്രധാന പ്രഖ്യാപനങ്ങളുമായി സിബിഎസ്ഇ; പൂര്‍ണവിവരങ്ങള്‍ ഇപ്രകാരം

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Saturday, November 21, 2020

ന്യൂഡല്‍ഹി: പന്ത്രണ്ടാം ക്ലാസിലെ പ്രാക്ടിക്കല്‍ പരീക്ഷക്കുള്ള തീയതി സിബിഎസ്ഇ ശനിയാഴ്ച പ്രഖ്യാപിച്ചിരുന്നു. ജനുവരി ഒന്ന് മുതല്‍ ഫെബ്രുവരി എട്ട് വരെയാണ് പരീക്ഷകള്‍ നടത്താന്‍ സാധ്യതയെന്നും കൃത്യമായ തീയതി പിന്നീട് അറിയിക്കുമെന്നാണ് സിബിഎസ്ഇ അറിയിച്ചത്.

പരീക്ഷ നടത്തുന്നതിന് പ്രത്യേക മാര്‍ഗനിര്‍ദ്ദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്. പ്രാക്ടിക്കല്‍ പരീക്ഷയ്ക്ക് വ്യത്യസ്ത തീയതികളാണ് സ്‌കൂളുകള്‍ക്ക് നല്‍കുന്നത്. പ്രാക്ടിക്കല്‍ പരീക്ഷയുടെയും പ്രോജക്ട് വിലയിരുത്തലിന്റെയും മേല്‍നോട്ടത്തിനായി ഒരു നിരീക്ഷകനെയും സിബിഎസ്ഇ നിയമിക്കും.

പ്രാക്ടിക്കല്‍ പരീക്ഷയില്‍ മുന്‍ വര്‍ഷങ്ങളിലെന്നപോലെ സ്‌കൂളില്‍ നിന്നും പുറത്തും നിന്നും പരീക്ഷകര്‍ (Examiner) ഉണ്ടായിരിക്കും.

പരീക്ഷ അവസാനിച്ചുകഴിഞ്ഞാല്‍, സിബിഎസ്ഇ നല്‍കിയ ലിങ്കില്‍ സ്‌കൂളുകള്‍ മാര്‍ക്ക് അപ്ലോഡ് ചെയ്യേണ്ടതാണ്. പ്രാക്ടിക്കല്‍ പരീക്ഷയും, പ്രോജക്ട് മൂല്യനിര്‍ണയ പ്രവര്‍ത്തനങ്ങളും അതത് സ്‌കൂളുകളില്‍ നടത്തും.

പ്രാക്ടിക്കല്‍ പരീക്ഷയുടെ ഫോട്ടോ ആപ്ലിക്കേഷനില്‍ സ്‌കൂളുകള്‍ നല്‍കണം

എല്ലാ സ്‌കൂളുകള്‍ക്കും ഒരു ആപ്ലിക്കേഷന്‍ ലിങ്ക് നല്‍കും. പ്രാക്ടിക്കല്‍ പരീക്ഷയ്ക്കിചെ ഓരോ ബാച്ച് വിദ്യാര്‍ത്ഥികളുടെയും ഗ്രൂപ്പ് ഫോട്ടോ ഇതില്‍ അപ്ലോഡ് ചെയ്യേണ്ടതാണ്.

പ്രാക്ടിക്കല്‍ പരീക്ഷയിലെ വിദ്യാര്‍ത്ഥികള്‍, എക്‌സ്റ്റേണല്‍ & ഇന്റേണല്‍ എക്‌സാമിനേഴ്‌സ്, ഒബ്‌സര്‍വര്‍ എന്നിവരുടെ ഫോട്ടോ ഇതില്‍ ഉള്‍പ്പെടണം. എല്ലാവരുടെയും മുഖം ഫോട്ടോയില്‍ വ്യക്തമായിരിക്കണം.

ഡാറ്റാഷീറ്റ് ഉടന്‍ റിലീസ് ചെയ്യും

പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ ബോര്‍ഡ് പരീക്ഷകളുടെ ഷെഡ്യൂള്‍ ഉടന്‍ പ്രഖ്യാപിക്കുമെന്ന് സിബിഎസ്ഇ സെക്രട്ടറി അനുരാഗ് ത്രിപാഠി വെള്ളിയാഴ്ച പറഞ്ഞിരുന്നു. പരീക്ഷാ വിലയിരുത്തല്‍ എപ്രകാരമായിരിക്കുമെന്ന് ഉടന്‍ വെളിപ്പെടുത്തുമെന്നാണ് അധികൃതര്‍ പറയുന്നത്.

കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ ബോര്‍ഡ് പരീക്ഷകള്‍ റദ്ദാക്കുകയോ മാറ്റിവയ്ക്കുകയോ ചെയ്യണമെന്ന് വിവിധ സംഘടനകള്‍ ആവശ്യമുന്നയിച്ച സാഹചര്യത്തിലാണ് ത്രിപാഠിയുടെ പ്രസ്താവന.

×