സിഡി ഉപയോഗിച്ച് ബ്ലാക്ക്‌മെയില്‍ ചെയ്തവരെയും വന്‍ തുക നല്‍കിയവരെയും അടുപ്പക്കാരെയും മാത്രമാണ് യെദ്യൂരപ്പ പരിഗണിച്ചതെന്ന് ആക്ഷേപം; മന്ത്രിസഭാ വിപുലീകരണത്തില്‍ കലങ്ങി മറിഞ്ഞ് കര്‍ണാടക രാഷ്ട്രീയം

ന്യൂസ് ബ്യൂറോ, ബാംഗ്ലൂര്‍
Thursday, January 14, 2021

ബെംഗളൂരു: മന്ത്രിസഭാ വിപുലീകരണത്തെ തുടര്‍ന്നുണ്ടായ രാഷ്ട്രീയ വിവാദം കര്‍ണാടകയില്‍ കൂടുതല്‍ രൂക്ഷമാകുന്നു. ബ്ലാക്ക്‌മെയില്‍ ചെയ്തവരേയും അടുപ്പക്കാരേയും മാത്രമാണ് മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ പരിഗണിച്ചതെന്നാണ് ആക്ഷേപം.

“സിഡി ഉപയോഗിച്ച് ബ്ലാക്ക് മെയില്‍ ചെയ്തവരെയും വലിയ പണം നല്‍കിയവരെയും മാത്രമേ യെദ്യൂരപ്പ പരിഗണിച്ചിട്ടുള്ളൂ. സിഡി ഉപയോഗിച്ച് ബ്ലാക്കമെയില്‍ ചെയ്ത രണ്ടുപേരെ മന്ത്രിമാരാക്കുകയും ഒരാളെ രാഷ്ട്രീയ സെക്രട്ടറിയാക്കുകയും ചെയ്തു, ”ബിജെപി മുതിര്‍ന്ന നേതാവ് ബസനഗൗഡ ആര്‍ പാട്ടീല്‍ പറഞ്ഞു. മന്ത്രിസഭാ വിപുലീകരണത്തില്‍ പ്രകോപിതരായ ബിജെപി നേതാക്കളില്‍ ഒരാളാണ് പാട്ടീല്‍.

മന്ത്രിസഭാ വിപുലീകരണത്തില്‍ പരാതിയുള്ളവര്‍ക്ക് പാര്‍ട്ടി നേതൃത്വത്തെ സമീപിക്കാമെന്നും മോശം കാര്യങ്ങള്‍ പറഞ്ഞ് പാര്‍ട്ടിയുടെ സല്‍പ്പേരിന് കളങ്കംവരുത്തരുതെന്നും യെദ്യൂരപ്പ ആവശ്യപ്പെട്ടു.

×