Advertisment

ആലപ്പുഴ ബൈപ്പാസ്: ഉദ്ഘാടന ചടങ്ങില്‍ നിന്ന് ജില്ലയിൽ നിന്നുള്ള മന്ത്രിമാരായ തോമസ് ഐസക്കിനെയും തിലോത്തമനെയും എം പിമാരായ എ എം ആരിഫിനെയും കെ സി വേണുഗോപാലിനെയും കേന്ദ്രം ഒഴിവാക്കി; തിരുത്തൽ ആവശ്യപ്പെട്ട് കേരളം; ചടങ്ങിൽ നിന്ന് ഒഴിവാക്കിയത് ശരിയായ നടപടിയല്ലെന്ന് മന്ത്രി പി തിലോത്തമന്‍

New Update

ആലപ്പുഴ: ആലപ്പുഴ ബൈപ്പാസ് ഉദ്ഘാടന ചടങ്ങില്‍ നിന്ന് ജില്ലയിൽ നിന്നുള്ള മന്ത്രിമാരായ തോമസ് ഐസക്കിനെയും തിലോത്തമനെയും എം പിമാരായ എ എം ആരിഫിനെയും കെ സി വേണുഗോപാലിനെയും കേന്ദ്രം ഒഴിവാക്കി.

Advertisment

publive-image

കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയുടെ ഓഫീസില്‍ നിന്നയച്ച പട്ടികയിലാണ് മന്ത്രിമാരെയും എം പിമാരേയും ഒഴിവാക്കിയിരിക്കുന്നത്. പട്ടികയില്‍ തിരുത്തല്‍ ആവശ്യപ്പെട്ട് സംസ്ഥാനം കേന്ദ്രത്തിന് കത്തയച്ചു.

ആലപ്പുഴ ബൈപ്പാസ് ഉദ്ഘാടനത്തിന്റെ സംഘാടകർ കേന്ദ്ര ഉപരിതലഗതാഗത മന്ത്രാലയവും ദേശീയപാത അതോറിറ്റിയുമാണ്. ഉദ്ഘാടന ചടങ്ങിൽ ആരൊക്കെ പങ്കെടുക്കണമെന്ന് സംസ്ഥാനത്തിന് നിര്‍ദേശം സമര്‍പ്പിക്കാന്‍ മാത്രമേ സാധിക്കൂ.

ജില്ലയില്‍ നിന്നുള്ള മന്ത്രിമാരായ ടി എം തോമസ് ഐസക്, പി തിലോത്തമന്‍ എന്നിവരെ ഉദ്ഘാടന ചടങ്ങില്‍ ഉള്‍ക്കൊള്ളിക്കണമെന്നായിരുന്നു സംസ്ഥാനത്തിന്റെ ആവശ്യം. പ്രോട്ടോക്കോള്‍ പ്രകാരം സ്ഥലം എം പി എ എം ആരിഫും ചടങ്ങില്‍ പങ്കെടുക്കേണ്ടതുണ്ട്. രാജ്യാസഭാംഗമായ കെ സി വേണുഗോപാലിനെയും ചടങ്ങില്‍ പങ്കെടുപ്പിക്കണമെന്നായിരുന്നു സര്‍ക്കാരിന്റെ നിര്‍ദേശം.

എന്നാല്‍ നിതിന്‍ ഗഡ്കരിയുടെ ഓഫീസില്‍ നിന്ന് സംസ്ഥാനത്തേക്ക് വന്ന കരട് നിര്‍ദേശത്തില്‍ ഇവരെ ഒഴിവാക്കുകയായിരുന്നു. പകരം കേന്ദ്ര ഉപരിതല ഗതാഗത സഹമന്ത്രി വിജയ് കുമാർ സിങ്ങിനെയും കേന്ദ്ര സഹമന്ത്രി വി മുരളീധരനെയും പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി ജി സുധാകരൻ, നഗരസഭ അധ്യക്ഷ സൗമ്യ രാജ്, കേന്ദ്ര റോഡ് ഗതാഗത, ദേശീയപാത സെക്രട്ടറി, സംസ്ഥാന പൊതുമരാമത്ത് സെക്രട്ടറി എന്നിവർ മാത്രമാണ് കേന്ദ്രം അംഗീകരിച്ച പട്ടികയിലുള്ളത്.

ഇതില്‍ തിരുത്തല്‍ വേണമെന്നാവശ്യപ്പെട്ട് സംസ്ഥാനം കത്തുനല്‍കി. സ്ഥലം എം പിയെ ഒഴിവാക്കുന്നത് പ്രോട്ടോക്കോള്‍ ലംഘനമാണെന്ന് കേരളം ചൂണ്ടിക്കാട്ടി. ചടങ്ങിൽ നിന്ന് ഒഴിവാക്കിയത് ശരിയായ നടപടിയല്ലെന്ന് മന്ത്രി പി തിലോത്തമന്‍ പ്രതികരിച്ചു.

alappuzha bipass
Advertisment