മാധ്യമങ്ങള്‍ കൊവിഡ് വാര്‍ത്ത നല്‍കുമ്പോള്‍ സര്‍ക്കാരുമായി ഒത്തുനോക്കാന്‍ നിര്‍ദേശിക്കണമെന്ന് കേന്ദ്രം സുപ്രീംകോടതിയില്‍

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Sunday, April 5, 2020

ഡല്‍ഹി : കൊവിഡ് 19 സംബന്ധിച്ച വാര്‍ത്തകള്‍ നല്‍കുന്നതിന് മുമ്പ് ആദ്യം സര്‍ക്കാരുമായി വിവരങ്ങള്‍ ഒത്തുനോക്കാന്‍ മാധ്യമങ്ങളെ നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍.

കുടിയേറ്റ തൊഴിലാളികളുടെ പലായനം സംബന്ധിച്ച കേന്ദ്രസര്‍ക്കാര്‍ നടപടികളിലെ പാളിച്ച ചൂണ്ടിക്കാണിച്ച് നല്‍കിയ പൊതു താല്‍പര്യ ഹര്‍ജി പരിഗണിക്കുന്ന ഘട്ടത്തിലാണ് സുപ്രീംകോടതിയില്‍ ഈ ആവശ്യം മുന്നോട്ടുവെച്ചതെന്ന് ലൈവ് ലോ റിപ്പോര്‍ട്ട് ചെയ്തു.

കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് ഈ ആവശ്യം.

അഭൂതപൂര്‍വമായ സാഹചര്യത്തിലൂടെയാണ് ഇപ്പോള്‍ കടന്നുപോകുന്നത്. മനഃപൂര്‍വമോ, അല്ലാതെയോ ഉള്ള വ്യാജവാര്‍ത്തകളും തെറ്റായ വാര്‍ത്തകളും ഇലക്ട്രോണിക്, പ്രിന്റ്, സോഷ്യല്‍ മീഡിയ, വെബ് പോര്‍ട്ടല്‍ എന്നിവയില്‍ വരുന്നത് സമൂഹത്തില്‍ വലിയ പരിഭ്രാന്തി സൃഷ്ടിക്കാന്‍ ഇടയാക്കും.

ലോകം മുഴുവന്‍ പടര്‍ന്നുപിടിച്ച ഈ മഹാമാരിയെ കുറിച്ച് അത്തരത്തിലുള്ള എന്തെങ്കിലും വാര്‍ത്ത വരുന്നത് ആ സാഹചര്യത്തെ മാത്രമല്ല രാജ്യത്തിന് മുഴുവന്‍ ദോഷകരമായിക്കും. അതുകൊണ്ട് ഇലക്ട്രോണിക്/ അച്ചടി/വെബ് പോര്‍ട്ടല്‍, സോഷ്യല്‍ മീഡിയകള്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന ഔദ്യോഗിക വിവരങ്ങളുമായി ആദ്യം ഒത്തുനോക്കി മാത്രമേ വാര്‍ത്തകള്‍ അച്ചടിക്കാനോ, പ്രസിദ്ധീകരിക്കാനോ, ടെലകാസ്റ്റ് ചെയ്യാനോ പാടുള്ളൂവെന്ന് കോടതി നിര്‍ദേശിക്കണം– സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടു.

ഏതെങ്കിലും വിധത്തില്‍ പരിഭ്രാന്തി സൃഷ്ടിക്കുന്നത് 2005ലെ ഡിസാസ്റ്റര്‍ മാനേജുമെന്റ് നിയമ പ്രകാരം കുറ്റകരമായിരിക്കും എന്നും കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു.

മഹാമാരി വ്യാപിക്കുന്നത് തടയാനായി കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ വിശദീകരിച്ചുകൊണ്ടാണ് മാധ്യമങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന ആവശ്യം കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവെച്ചത്.

കൊവിഡ്19 പ്രതിരോധിക്കുന്ന കാര്യത്തില്‍ ലോകത്തെ അപൂര്‍വം രാജ്യങ്ങള്‍ മാത്രമാണ് ഇന്ത്യ ചെയ്തതുപോലെ ഉടന്‍ തന്നെ പ്രതികരിച്ചതെന്നും സത്യവാങ് മൂലത്തില്‍ കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കുന്നു.

×