ചെമ്പഴന്തിയിൽ വീടുകയറി ആക്രമിച്ച് ഗുണ്ടാസംഘം‌ വീട്ടമ്മയുടെ സ്വര്‍ണമാല കവര്‍ന്നു; കടയും വീടും വാഹനവും തകര്‍ത്തു

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Monday, March 8, 2021

തിരുവനന്തപുരം:  ചെമ്പഴന്തിയിൽ വീടുകയറി ആക്രമിച്ച് ഗുണ്ടാസംഘം‌ വീട്ടമ്മയുടെ സ്വര്‍ണമാല കവര്‍ന്നു. വാളുകാട്ടി ഭീഷണിപ്പെടുത്തിയായിരുന്നു കവര്‍ച്ച. കടയും വീടും വാഹനവും തകര്‍ത്തു. ഗുണ്ടാപ്പട്ടികയില്‍പെട്ട കരിക്ക് സുരേഷും സംഘവുമാണ് ഇന്നലെ രാത്രി പത്തോടെ കടയും വീടും ആക്രമിച്ചത്.

ചെമ്പഴന്തി കുണ്ടൂർകുളത്താണു പൊലീസിന്റെ ഗുണ്ടാപട്ടികയില്‍ ഉള്‍പ്പെട്ട കരിക്ക് സുരേഷും സംഘവും ആക്രമണം അഴിച്ചുവിട്ടത്. ആദ്യം വീടിനോടു ചേർന്ന കടയിലെത്തിയ സംഘം കടയുടമയായ ഷൈലയുടെ കഴുത്തിൽ വാൾവച്ച് ആറരപവന്റെ സ്വർണ്ണ മാല കവര്‍ന്നു. കൂട്ടാളികൾ കട അടിച്ചു തകർത്തു. വീടിനുമുന്നിൽ പാർക്ക് ചെയ്തിരുന്ന കാർ വെട്ടിത്തകർത്തു. ഇവരുടെ വീടിന്റെ ജനൽ ചില്ലുകളും ഗേറ്റും തകര്‍ത്തു.

ഈ സംഘം തന്നെ സമീപത്തെ അയ്യങ്കാളി നഗറിൽ കിരൺ എന്ന യുവാവിനെ വെട്ടിപ്പരുക്കേൽപിച്ച് മാല കവർന്നിരുന്നു. കുണ്ടൂർ കുളത്തിനു സമീപം യുവാവിന്റെ മൊബൈൽ ഫോണും കവർന്നു. കരിക്ക് രതീഷും പോപ്പി അഖിലും അടങ്ങുന്ന അഞ്ചംഗ സംഘം കാറിലെത്തിയായിരുന്നു അക്രമം.

നിരവധി കേസുകളിൽ പ്രതികളായവരാണ് അക്രമം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. അഖിൽ പൊലീസിനെ അക്രമിച്ച കേസിലും പ്രതിയാണ്. കഴക്കൂട്ടം പൊലീസ് പ്രതികൾക്കായി അന്വേഷണമാരംഭിച്ചു.

×