ഹൈവോൾട്ടേജ് ആക്ഷനുമായി വിശാലിന്റെ ‘ ചക്ര ‘ ട്രെയിലർ ;മോഹൻലാൽ പുറത്തിറക്കി

ഫിലിം ഡസ്ക്
Sunday, July 5, 2020

വിശാലിന്‍റെ പുതിയ സിനിമയായ ‘ ചക്ര ‘ യുടെ മലയാളം ട്രെയിലർ ‘ സൂപ്പർ സ്റ്റാർ ‘ മോഹൻ ലാൽ പുറത്തിറക്കി. ത്രസിപ്പിക്കുന്ന ഹൈ വോൾട്ടേജ് ആക്ഷൻ ചിത്രമാണിതെന്ന് ട്രെയിലർ വ്യക്തമാക്കുന്നു. യൂട്യൂബിൽ ട്രെയിലർ ഇതിനോടകം വൈറലായി കഴിഞ്ഞു.

സൈബർ ക്രൈമിന്റെ പാശ്ചാത്തലത്തിലുള്ള ഒരു ആക്ഷൻ ത്രില്ലർ സിനിമയാണിതത്രെ. ഒപ്പം ഗൗരവമേറിയ ഒരു സാമൂഹിക പ്രശ്നത്തിലേക്കും ചിത്രം വിരൽ ചൂണ്ടുന്നു.തമിഴ്,മലയാളം, തെലുങ്ക്, കന്നഡ എന്നീ ഭാഷളിലായിട്ടാണ് ‘ചക്ര ‘ പ്രദർശനത്തിനെത്തുക. മറ്റു ഭാഷകളിൽ ‘ചക്ര ‘ യുടെ ട്രെയിലറുകൾ തമിഴിൽ കാർത്തി, ആര്യ, തെലുങ്കിൽ റാണാ ദുഗ്ഗുബട്ടി, കന്നഡയിൽ യഷ് എന്നിവരാണ് തങ്ങളുടെ ട്വിറ്റർ പേജുകളിലൂടെ റിലീസ് ചെയ്തത്.

വിശാൽ , തന്‍റെ വിശാൽ ഫിലിം ഫാക്ടറിയുടെ ബാനറിൽ നിർമ്മിക്കുന്ന ‘ ചക്ര ‘ യുടെ സംവിധായകൻ നവാഗതനായ എം. എസ്. ആനന്ദാണ്.ഓൺലൈൻ ബിസിനസ് രംഗത്തെ കാപട്യങ്ങളുടെയും , ചതികളുടേയും പശ്ചാത്തലത്തിലുള്ള പ്രമേയമാണ് ‘ ചക്ര ‘ യുടേത്‌. ഒരു മിലിട്ടറി ഓഫീസർ നായക കഥാപാത്രത്തെയാണ് വിശാൽ അവതരിപ്പിക്കുന്നത്.

ശ്രദ്ധാ ശ്രീനാഥ് പോലീസ് ഓഫീസറായി നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. റെജിനാ കസാൻഡ്രെ മർമ്മ പ്രധാനമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സൃഷ്ടി ഡാങ്കെ, കെ. ആർ. വിജയ, മനോബാല, റോബോ ഷങ്കർ, വിജയ് ബാബു എന്നിവരാണ് മറ്റു അഭിനേതാക്കൾ. യുവൻ ഷങ്കർ രാജയാണ് സംഗീത സംവിധായകൻ . ബാലസുബ്രഹ്മണ്യമാണ്‌ ക്യാമറ കൈകാര്യം ചെയ്യുന്നത്.

×