ന്യൂഡല്‍ഹി: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേരള സര്‍ക്കാര്‍ ശൈലി മാറ്റണമെന്ന് ചാണ്ടി ഉമ്മന്‍. ഭീതിയുടെ അന്തരീക്ഷമാണ് കേരളത്തില്‍ ഉണ്ടാക്കുന്നതെന്ന് ചാണ്ടി ഉമ്മന്‍ വിമര്‍ശിച്ചു. കൊറോണയ്‌ക്കൊപ്പം ജീവിക്കാനുള്ള സാഹചര്യമാണ് ഉണ്ടാക്കേണ്ടതെന്നും അരവിന്ദ് കെജ്രിവാള്‍ സര്‍ക്കാരിനെ മാതൃകയാക്കണമെന്നും ചാണ്ടി ഉമ്മന്‍ ഫേസ്ബുക്ക് വീഡിയോയിലൂടെ ആവശ്യപ്പെട്ടു.
കൊറോണയുമായി പൊരുത്തപ്പെട്ട് ജീവിക്കാന്‍ ഡല്‍ഹി നിവാസികള്‍ പഠിച്ചു. അതിന് കാരണം ഡല്‍ഹി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളാണ്. ഭീതിയുടെ അന്തരീക്ഷം ഉണ്ടാക്കുകയല്ല കേരള സര്‍ക്കാര്‍ ചെയ്യേണ്ടത്. ജാഗ്രത മതിയെന്ന സന്ദേശമാണ് നല്‍കേണ്ടത്. ജനങ്ങളെ ഭീതിയിലാഴ്ത്തുകയല്ല, ശക്തിപ്പെടുത്തുകയാണ് സര്‍ക്കാരിന്റെ ദൗത്യം.
എന്നാല്‍ പ്രതിദിനം 20,000 കേസുകള്‍ വരുമെന്ന് പറഞ്ഞ് സര്‍ക്കാര്‍ ജനങ്ങളെ ഭീതിയിലാഴ്ത്തുകയാണ്. ആദ്യം തന്നെ തെറ്റായ സമീപനമാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. പ്രവാസികള്‍ വന്നപ്പോള്‍ ഭീതിയുടെ അന്തരീക്ഷമുണ്ടാക്കി. ഇത് നമ്മുടെ നാടിന് യോജിച്ചതല്ല.
ക്വാറന്റൈനില്‍ കഴിയവേ ആത്മഹത്യ ചെയ്യേണ്ട സാഹചര്യം കേരളത്തിലുണ്ടായി. ഡല്‍ഹിയെ നോക്കി പഠിക്കാന്‍ കേരള സര്‍ക്കാര്‍ തയ്യാറാകണം. നമുക്ക് കൊറോണയ്‌ക്കൊപ്പം ജീവിച്ചേ മതിയാകൂ.
https://www.facebook.com/chandyoommen/videos/10160218934307293/
ലോക്ക്ഡൗണും ക്വാറന്റൈനും മാത്രമല്ല പരിഹാരം. ഡല്‍ഹി മോഡല്‍ സ്വീകരിച്ച് യഥാര്‍ത്ഥ സ്വാതന്ത്ര്യം അനുഭവിക്കുന്നതിനുള്ള അവസരം കേരള സര്‍ക്കാര്‍ ഉണ്ടാക്കണം. കൊറോണയുടെ ജാഗ്രത തുടരുമ്പോള്‍ തന്നെ, സ്വാതന്ത്ര്യം നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടാകരുത്.
കേസുകള്‍ പതിനായിരമാകുമെന്ന് പറയുന്നത് ജനങ്ങളെ പേടിപ്പിക്കാന്‍ വേണ്ടിയാണ്. ഡല്‍ഹിയില്‍ കേസുകള്‍ കുറഞ്ഞുവരുന്നു. എന്നാല്‍ ലോക്ക്ഡൗണുകളും ക്വാറന്റൈനുകളും ഏര്‍പ്പെടുത്തിയിട്ട് കേരളത്തില്‍ കേസുകള്‍ കൂടി വരികയാണെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.
സെപ്റ്റംബറില്‍ പ്രതിദിനം പതിനായിരത്തിനും ഇരുപതിനായിരത്തിനും ഇടയില്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തേക്കാമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജയുടെ പ്രസ്താവനയ്‌ക്കെതിരെയാണ് ചാണ്ടി ഉമ്മന്‍ രംഗത്തെത്തിയിരിക്കുന്നത്.
അതേസമയം, ഒരുസമയത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായിരുന്ന പ്രദേശമായിരുന്നു ഡല്‍ഹി. കൊവിഡ് വ്യാപനം അതിരൂക്ഷമായതിന്റെ പശ്ചാത്തലത്തില്‍ ഡല്‍ഹിയിലെ ആശുപത്രിയില്‍ ഡല്‍ഹിക്കാര്‍ക്ക് മാത്രമായി ചികിത്സ പരിമിതപ്പെടുത്തുമെന്ന് വരെ അരവിന്ദ് കെജ്രിവാള്‍ പ്രഖ്യാപിച്ചിരുന്നു. ഇതിനെതിരെ വ്യാപക വിമര്‍ശനവും ഉയര്‍ന്നിരുന്നു.
പ്രതിദിന രോഗനിരക്ക് ഇടയ്ക്ക് ആയിരത്തിന് താഴെ റിപ്പോര്‍ട്ട് ചെയ്തിരുന്നുവെങ്കിലും ഇപ്പോള്‍ ഡല്‍ഹിയില്‍ കൊവിഡ് വ്യാപനം വീണ്ടും രൂക്ഷമാവുകയാണ്. ഇന്ന് 1276 പേര്‍ക്ക് ഡല്‍ഹിയില്‍ രോഗം സ്ഥിരീകരിച്ചു. രോഗബാധിതരുടെ എണ്ണം 151928 ആയി വര്‍ധിച്ചു.
പുതിയതായി 10 മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ഡല്‍ഹിയിലെ മരണസംഖ്യ 4188 ആയും വര്‍ധിച്ചു. 136251 പേര്‍ ഇതുവരെ രോഗമുക്തരായി. 11489 പേര്‍ നിലവില്‍ ചികിത്സയിലാണ്.