ചങ്ങനാശേരിയും കേരള കോണ്‍ഗ്രസ് എമ്മിന്; തീരുമാനം സിപിഐയുടെ എതിര്‍പ്പ് മറികടന്ന്; കേരള കോണ്‍ഗ്രസ് (എം) മത്സരിക്കുന്നത് 13 സീറ്റുകളില്‍; മലപ്പുറത്തെ സീറ്റുകള്‍ വിട്ടുനല്‍കില്ലെന്ന് സിപിഐ

ന്യൂസ് ബ്യൂറോ, കോട്ടയം
Monday, March 8, 2021

കോട്ടയം: ഇടതുമുന്നണിയില്‍ ചങ്ങനാശ്ശേരി സീറ്റ് കേരളാ കോൺ​ഗ്രസ് എമ്മിന് വിട്ടു നൽകാൻ ധാരണയായി. സിപിഎം– കേരള കോണ്‍ഗ്രസ് ഉഭയകക്ഷി ചര്‍ച്ചയിലാണ് ധാരണ. സിപിഐയുടെ എതിര്‍പ്പ് മറികടന്നാണ് തീരുമാനം.

ഇതോടെ കേരള കോണ്‍ഗ്രസ് (എം) 13 സീറ്റുകളില്‍ മത്സരിക്കുമെന്ന് ഉറപ്പായി. കേരള കോണ്‍ഗ്രസ് ഇടതുമുന്നണിയുടെ ഭാഗമാകുന്നത് സംബന്ധിച്ചുള്ള ധാരണപ്രകാരമുള്ള സീറ്റുകളാണ് ലഭിച്ചിരിക്കുന്നത്.

പാലാ, കടുത്തുരുത്തി, പൂഞ്ഞാര്‍, ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി, ഇടുക്കി, തൊടുപുഴ, റാന്നി, പെരുമ്പാവൂര്‍, പിറവം, ചാലക്കുടി, കുറ്റ്യാടി, ഇരിക്കൂര്‍ മണ്ഡലങ്ങളിലാണ് കേരള കോണ്‍ഗ്രസ് എം മത്സരിക്കുന്നത്.

കോട്ടയത്ത് വൈക്കം മാത്രമാണ് സിപിഐക്ക് ലഭിച്ചത്. ചങ്ങനാശ്ശേരി വേണമെന്ന ഉറച്ച നിലപാടിലായിരുന്നു സിപിഐ. അല്ലാത്തപക്ഷം കാഞ്ഞിരപ്പള്ളി വിട്ടുനൽകില്ലെന്നായിരുന്നു സിപിഐ പറഞ്ഞത്. കേരള കോൺ​ഗ്രസ് ചങ്ങനാശ്ശേരി വിട്ടുനൽകില്ലെന്ന് ഉറപ്പായതോടെ മലപ്പുറത്ത് വിട്ടുനൽകാമെന്ന് പറഞ്ഞ സീറ്റുകൾ വിട്ടുനൽകില്ലെന്ന് സിപിഐ നിലപാടെടുത്തിരിക്കുകയാണ്.

നിലവിലെ വിവരങ്ങള്‍ പ്രകാരം ഇടതുമുന്നണിയില്‍ സിപിഎം-85, സിപിഐ-25, കേരള കോണ്‍ഗ്രസ് എം-13, ജെഡിഎസ്-4, എല്‍ജെഡി-3, എന്‍സിപി-3 സീറ്റുകളില്‍ മത്സരിക്കും.

×