വിശാഖപട്ടണത്തു നിന്നും കാറിൽ കൊല്ലം നഗരത്തിലേക്കു കൊണ്ടുപോകുകയായിരുന്ന 25 കിലോ കഞ്ചാവ് പിടികൂടി, ദമ്പതികളടക്കം നാലു പേർ അറസ്റ്റിൽ

author-image
ന്യൂസ് ബ്യൂറോ, കൊല്ലം
Updated On
New Update

ചവറ:  വിശാഖപട്ടണത്തുനിന്നും കാറിൽ കൊല്ലം നഗരത്തിലേക്കു കൊണ്ടുപോകുകയായിരുന്ന 25 കിലോ കഞ്ചാവ് ദേശീയപാതയിൽ നീണ്ടകര ചീലാന്തി ജങ്ഷനു സമീപം ഞായറാഴ്ച പുലര്‍ച്ചെ പിടികൂടി. ദമ്പതികളടക്കം നാലു പേർ അറസ്റ്റിലായി.

Advertisment

publive-image

ആറ്റിങ്ങൽ കിഴുവില്ലം പറയത്ത് കോണം പടിഞ്ഞാറ്റെവിള പുത്തൻവീട്ടിൽ വിഷ്ണു (27), ഭാര്യ സൂര്യ, കൊല്ലം തൃക്കടവൂർ മുരന്തൽ ചേരി സരിതാ ഭവനിൽ അഭയ്ബാബു (21), കൊല്ലം കടപ്പാക്കട ശാസ്ത്രി ജങ്ഷനിൽ ഇടയിലഴികം പുരയിടത്തിൽ വാടകയ്ക്ക് താമസിക്കുന്ന ഉണ്ണിക്കൃഷ്ണൻ (27) എന്നിവരാണ് അറസ്റ്റിലായത്.

തിരുപ്പതിയിൽ ക്ഷേത്ര ദർശനം നടത്തി മടങ്ങുന്നുവെന്ന വ്യാജേന ഇവർ സഞ്ചരിച്ച കാറിൽ, പൊലീസ് നടത്തിയ പരിശോധനയിലാണു കഞ്ചാവ് കണ്ടെടുത്തത്. കാറിന്റെ ഡോർ ഭാഗത്തു പൊതികളാക്കി കഞ്ചാവ് ഒളിപ്പിച്ചിരിക്കുകയായിരുന്നു. ഇവർ നൽകിയ സൂചനയെത്തുടർന്നാണ് കൊല്ലം സ്വദേശി ഉണ്ണിക്കൃഷ്ണൻ അറസ്റ്റിലാകുന്നത്. ഇയാൾക്കു വേണ്ടിയാണു കഞ്ചാവ് കൊണ്ടുവന്നതെന്നു കാറിലുണ്ടായിരുന്നവർ പറഞ്ഞു.

കൊല്ലം സിറ്റി ഡാൻസാഫും ചവറ പൊലീസും സ്പെഷൽ ബ്രാഞ്ചും അടങ്ങുന്ന ടീം നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെടുത്തത്. സമാനമായ രീതിയിൽ നേരത്തേയും ഇവർ കഞ്ചാവ് കടത്തിയതായി സംശയിക്കുന്നു.

കരുനാഗപ്പള്ളിയിൽനിന്നു ഡാൻസാഫ് ഇവരെ പിന്തുടരുകയും, ശക്തകുളങ്ങരയിൽവച്ച് പിടികൂടാനായി പൊലീസ് കാത്ത് നിൽക്കുന്നതിനിടെ ചീലാന്തി ജങ്ഷനിലെ പെട്രോൾ പമ്പിലേക്കു കയറിയപ്പോൾ കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു.

Advertisment