തോപ്പുംപടി: ചെല്ലാനം ചാളക്കടവിൽ വലിയ കടലേറ്റമുണ്ടായത് ഒരു മാസം മുമ്പാണ്. കടലോരത്ത് താമസിക്കുന്ന കല്ലുവീട്ടിൽ ജോണിന്റെ വീട്ടിലും വെള്ളം കയറി. വാതിൽ തകർത്ത് കടൽ വീടിനകത്തേക്ക് കയറുകയായിരുന്നു. ശക്തിയായ ഒഴുക്കിൽ വീടിനകത്തുണ്ടായിരുന്ന സർവതും നഷ്ടമായി.
/sathyam/media/post_attachments/ESTsOoeQDrjOxfLkuYMc.jpg)
അഞ്ചംഗങ്ങളുള്ള ജോണിന്റെ കുടുംബം കുറച്ച് ദൂരെയുള്ള ബന്ധുക്കളുടെ വീട്ടിലേക്ക് മാറി. മേയ് 13-നായിരുന്നു ആ സംഭവം. ഇപ്പോഴും ജോണിനും കുടുംബത്തിനും വീട്ടിലേക്ക് മടങ്ങാനായിട്ടില്ല. കടൽ ഇറങ്ങിപ്പോയപ്പോൾ, വീടിന്റെ തറയ്ക്ക് അടിയിൽനിന്നു വെള്ളം മുകളിലേക്ക് വരുന്നു. രാത്രിയും പകലുമൊക്കെ വീടിനകത്ത് വെള്ളം നിറയുന്നു. വേലിയേറ്റ സമയങ്ങളിൽ വെള്ളം പൊങ്ങുന്നു.
65 വർഷത്തോളമായി ഇവിടെ താമസിക്കുന്നയാളാണ് താനെന്ന് ജോൺ പറയുന്നു. പക്ഷേ, മുമ്പെങ്ങുമില്ലാത്ത വിധത്തിൽ വെള്ളം കയറുകയാണെന്ന് അദ്ദേഹം പറയുന്നു. വീട്ടിലുണ്ടായിരുന്നു ടി.വി. ഉൾപ്പെടെ ഏതാണ്ട് എല്ലാ ഉപകരണങ്ങളും നശിച്ചു.