അർബുദം ഇല്ലാതെ കീമോ തെറാപ്പിക്ക് വിധേയയാക്കിയ സംഭവം: നീതി ആവശ്യപ്പെട്ട് തിരുവോണ ദിനത്തിൽ പ്രതിഷേധ സമരവുമായി രജനി

ന്യൂസ് ബ്യൂറോ, പത്തനംതിട്ട
Wednesday, September 11, 2019

തിരുവല്ല: അർബുദം ഇല്ലാതെ കീമോ തെറാപ്പിക്ക് വിധേയയാക്കിയ സംഭവത്തിൽ നീതി ആവശ്യപ്പെട്ട് പ്രതിഷേധ സമരവുമായി കുടശ്ശനാട്‌ സ്വദേശി രജനി. മാവേലിക്കര താലൂക്ക് ഓഫീസിന് മുന്നിലാണ് രജനി സമരം ചെയ്യുന്നത്.

സംഭവത്തില്‍ ആർക്കെതിരെയും നടപടി സ്വീകരിക്കാത്ത സാഹചര്യത്തിലാണ് തിരുവോണ നാളില്‍ രജനി സമരം ആരംഭിച്ചിരിക്കുന്നത്. ചികിത്സാ പിഴവ്  വരുത്തിയ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ  ഡോക്ടർമാർക്കെതിരെ നടപടി എടുക്കുക, കുടുംബത്തിന്  നഷപരിഹാരം ഉറപ്പാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് രജനിയുടെ സമരം.

കാൻസറില്ലാത്ത യുവതിക്ക് കീമോതെറാപ്പിയും നടത്തിയ സംഭവം ഏറെ വിവാദങ്ങൾക്കിടയാക്കിയിരുന്നു. സ്വകാര്യ ലാബിലെ തെറ്റായ പരിശോധന ഫലത്തിന്‍റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ഫെബ്രുവരിലാണ് രജനിക്ക് കോട്ടയം മെഡിക്കൽ കോളേജ്  ആശുപത്രിയിൽ കീമോ ചെയ്തത്.

മാർച്ച് നാലിനാണ് കുടശനാട് സ്വദേശി രജനി കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയ്‍ക്കെത്തുന്നത്. മെഡിക്കൽ കോളേജിലെ ലാബിൽ ബയോപ്സി ചെയ്യുന്നതിനൊപ്പം സ്വകാര്യലാബിലും ടെസ്റ്റ് ചെയ്യാൻ ഡോക്ടർമാർ നിർദ്ദേശിച്ചു.

സ്വകാര്യലാബിലെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ കീമോ തുടങ്ങി. എന്നാൽ മെഡിക്കൽ കോളേജിലെ റിപ്പോർട്ടിൽ രജനിക്ക് ക്യാൻസറില്ലെന്ന് കണ്ടെത്തിയിരുന്നു. ഇതാണ് പരാതിക്കാധാരം.

×