അച്ഛനെയും അമ്മയെയും അരുംകൊല ചെയ്തവരെ കാണണമെന്ന് ആവശ്യപ്പെട്ട് മക്കള്‍ ; അവരെ ഇങ്ങോട്ട് വിട്ടുതരൂ എന്ന് ആക്രോശിച്ച് ജനക്കൂട്ടം ; പൊലീസിനും പ്രതികള്‍ക്കും നേരെ കയ്യേറ്റ ശ്രമവും ഉന്തും തള്ളും ; ഒടുവില്‍ വീടിന്റെ മതില്‍ തകര്‍ന്നു വീണു, ലാത്തി വീശി പൊലീസ് ; ചെങ്ങന്നൂര്‍ ഇരട്ടക്കൊലയില്‍ പ്രതികളെ തെളിവെടുപ്പിനെത്തിച്ചപ്പോള്‍ സംഭവിച്ചത് ഇങ്ങനെ

ന്യൂസ് ബ്യൂറോ, കോട്ടയം
Saturday, November 16, 2019

ചെങ്ങന്നൂർ : ചെങ്ങന്നൂരില്‍ വൃദ്ധ ദമ്പതികളെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ
പ്രതികളായ ലബലു, ജുവൽ എന്നിവരെ ആഞ്ഞിലിമൂട്ടിൽ വീട്ടിൽ ഇന്നലെ തെളിവെടുപ്പിനെത്തിച്ചപ്പോള്‍ അരങ്ങേറിയത് നാടകീയ സംഭവങ്ങള്‍ .

പ്രതികളെ കണ്ടു രോഷാകുലരായ നാട്ടുകാരും ബന്ധുക്കളും കയ്യേറ്റത്തിനു മുതിർന്നതോടെ പൊലീസ് ലാത്തിവീശി. പ്രതികളെ കൊണ്ടുവരും എന്നറിഞ്ഞു രാവിലെ മുതൽ നാട്ടുകാർ കാത്തു നിന്നിരുന്നു. ഉച്ചയ്ക്കു രണ്ടരയോടെ പൊലീസ് ആൾക്കൂട്ടത്തെ നിയന്ത്രിച്ചുതുടങ്ങി. വൈകിട്ടോടെ റോഡിലും വീടിനു വശത്തും ജനം തിങ്ങിനിറഞ്ഞു. അഞ്ചേകാലോടെയാണു വൻസുരക്ഷയിൽ പ്രതികളെ കൊണ്ടുവന്നത്

ചെറിയാൻ മരിച്ചുകിടന്ന സ്റ്റോർ മുറിയിലും ലില്ലിയെ കൊല്ലപ്പെട്ട നിലയിൽ കണ്ട അടുക്കളയിലും തെളിവെടുപ്പു നടത്തി. കൊലപ്പെടുത്തിയ വിധം പ്രതികൾ ഉദ്യോഗസ്ഥർക്കു കാട്ടിക്കൊടുത്തു. സ്വർണം കവർന്ന കിടപ്പുമുറിയിലെ അലമാരയും കാണിച്ചുകൊടുത്തു. ഇതിനിടെയാണ് ചെറിയാന്റെ മകൻ ബിബു, മകൾ ബിന്ദു, മരുമകൻ രെജു കുരുവിള, മറ്റു ബന്ധുക്കൾ എന്നിവർ പ്രതികളെ കാണണമെന്ന് ആവശ്യപ്പെട്ടത്. ഇതു ശ്രദ്ധയിൽപെടാതിരുന്ന പൊലീസ് പ്രതികളുമായി പുറത്തിറങ്ങി.

വീടിനു മുന്നിലെത്തിയ ബന്ധുക്കൾ വീണ്ടും ആവശ്യം ഉന്നയിച്ചു. ഇതു ഗൗനിക്കാതെ പ്രതികളെ വാനിലേക്കു കയറ്റാൻ പൊലീസ് ശ്രമിച്ചതോടെ ബന്ധുക്കളും നാട്ടുകാരും എതിർപ്പുമായി രംഗത്തെത്തി. ‘അവരെ ഇങ്ങോട്ട് വിട്ടുതരൂ’ എന്ന് ആക്രോശിച്ച് ജനക്കൂട്ടം പാഞ്ഞെത്തി. തുടർന്ന് ഉന്തും തള്ളുമായി. ഇതിനിടെ വീടിന്റെ മതിൽ തകർന്നുവീണു. പ്രതികൾക്കും പൊലീസിനു നേരെയും കയ്യേറ്റശ്രമവും ഉണ്ടായി. തുടർന്നാണ് പൊലീസ് ലാത്തി വീശിയത്

 

×