പെട്ടെന്ന് പണക്കാരനാകാൻ മോഹിക്കുന്നവരെ നോട്ടമിടും; പൊള്ളാച്ചിയിൽ കള്ളപ്പണ ഇടപാടിന്റെ മറവിൽ നോട്ടുകൾക്ക് പകരം കടലാസ് കഷ്ണങ്ങൾ നൽകി അഞ്ചു ലക്ഷം തട്ടിയ മലയാളി അറസ്റ്റിൽ

author-image
ന്യൂസ് ബ്യൂറോ, ചെന്നൈ
Updated On
New Update

ചെന്നൈ: പൊള്ളാച്ചിയിൽ കള്ളപ്പണ ഇടപാടിന്റെ മറവിൽ നോട്ടുകൾക്ക് പകരം കടലാസ് കഷ്ണങ്ങൾ നൽകി അഞ്ചു ലക്ഷം തട്ടിയ കേസിൽ പാലക്കാട് സ്വദേശി അറസ്റ്റിൽ. കോയമ്പത്തൂർ കമ്മിഷണറുടെ പ്രത്യേക സംഘമാണ് ദിവസങ്ങൾ നീണ്ട തിരച്ചിലിനൊടുവിൽ മേനമ്പാറ സ്വദേശി ഷണ്മുഖത്തെ പിടികൂടിയത്.

Advertisment

publive-image

പെട്ടെന്ന് പണക്കാരനാകാൻ മോഹിക്കുന്നവരെ സമർഥമായി പറ്റിച്ചു പണം കവരുന്നതാണ്  ഷണ്മുഖത്തിന്റെ രീതി. രണ്ടാഴ്ച മുൻപാണ് പൊള്ളാച്ചി ഒടിയകുളത്ത് സൂപ്പർമാർക്കറ്റ് നടത്തുന്ന രാജേന്ദ്രനെ ഷണ്മുഖം ഫോൺ വിളിക്കുന്നത്. പാലക്കാട് നിന്നാണെന്നും കയ്യിൽ കണക്കില്ലാത്ത പണമുണ്ടെന്നും പറഞ്ഞു.

രേഖകൾ ഉള്ള പണം നൽകിയാൽ അതിന്റെ ഇരട്ടി കള്ളപ്പണം നൽകാം എന്നു വാഗ്ദാനം ചെയ്തു. ഇതു വിശ്വസിച്ച രാജേന്ദ്രൻ ഷണ്മുഖത്തോട് പൊള്ളാച്ചി മുല്ലുപടി റെയിൽവേ ഗേറ്റിന് സമീപം എത്താൻ ആവശ്യപ്പെട്ടു. അവിടെ വച്ച് 25000 രൂപ കൈമാറി. ഉടൻ തന്നെ ഷണ്മുഖം 50,000 രൂപ നൽകി രാജേന്ദ്രന്റെ വിശ്വാസം പിടിച്ചു പറ്റി.

ദിവസങ്ങൾക്കുശേഷം ഷണ്മുഖം വീണ്ടും രാജേന്ദ്രനെ ഫോണിൽ വിളിച്ചു. 5 ലക്ഷം രൂപ നൽകിയാൽ പത്തുലക്ഷമായി ഇരട്ടിപ്പിച്ചു നൽകാമെന്നായിരുന്നു വാ‌ഗ്‌ദാനം. പണവുമായി മുല്ലുപടി റെയിൽവേ ഗേറ്റിനു സമീപത്തു എത്താനായിരുന്നു നിർദേശം.

ഇതിൽ വീണുപോയ രാജേന്ദ്രൻ അഞ്ച് ലക്ഷം രൂപയുമായി തൊട്ടടുത്ത ദിവസം മുല്ലുപടി റെയിൽവേ ഗേറ്റ് സമീപത്തെത്തി കാത്തു നിന്നു. ഭാര്യ സഹോദരൻ ബാലകൃഷ്ണ മൂർത്തിയെയും സതീഷ് കുമാർ എന്നയാളെയും രാജേന്ദ്രൻ കൂടെ കൂട്ടിയിരുന്നു. ഷണ്മുഖമെത്തി 10 ലക്ഷം രൂപയുണ്ടെന്നു പറഞ്ഞു വലിയൊരു കവർ മൂവർക്കും കൈമാറി.

ഭദ്രമായി പൊതിഞ്ഞ കവർ പൊട്ടിച്ചു പണം എണ്ണി തിട്ടപെടുത്താൻ രാജേന്ദ്രനും ഭാര്യ സഹോദരനും ഒരുങ്ങുന്നതിനിടെ ആദായ നികുതി ഉദ്യോഗസ്ഥർ വരാൻ ഇടയുണ്ടെന്നും ഇത്രയും വേഗം പണവുമായി പോകാനും പ്രതി ആവശ്യപ്പെട്ടു. ഇതനുസരിച്ച് പണമടങ്ങിയ കവറുമായി രാജേന്ദ്രനും സംഘവും ഉടൻ സ്ഥലം വിടുകയും ചെയ്തു.

വീട്ടിലെത്തി കവർ തുറന്ന് പരിശോധിച്ചപ്പോൾ നോട്ടുകളുടെ അതേ വലുപ്പത്തിൽ മുറിച്ച് അട്ടിയാക്കി വച്ച കടലാസ് കഷ്ണങ്ങൾ മാത്രമായിരുന്നു ബാഗിലുണ്ടായിരുന്നത്. ഷണ്മുഖത്തെ ഫോണിൽ വിളിച്ചെങ്കിലും കിട്ടിയതുമില്ല.

ഇതോടെയാണ് ചതിക്കപ്പെട്ടുവെന്ന് രാജേന്ദ്രന് മനസ്സിലായത്. ഉടൻ തന്നെ രാജേന്ദ്രൻ പൊള്ളാച്ചി കിനാത്തുകടവ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.

Advertisment