കവര്‍ച്ചയ്ക്കായി മദ്യക്കടയുടെ ചുവര്‍ തുരന്ന് അകത്ത് കയറി; മേശവലിപ്പിലുണ്ടായിരുന്ന 10,000 രൂപയുമെടുത്തു പുറത്തുകടക്കാന്‍ ഒരുങ്ങുമ്പോള്‍ റാക്കുകളില്‍ നിരത്തിവച്ചിരുന്ന മദ്യക്കുപ്പികളില്‍ കണ്ണുകളുടക്കി; ഇഷ്ടപ്പെട്ട ബ്രാന്‍ഡുകളെല്ലാം വേണ്ടുവോളം കഴിച്ചു; ലഹരി തലക്ക് പിടിച്ചതോടെ പുറത്തിറങ്ങാന്‍ കഴിയാതെ ഉള്ളില്‍ കുടുങ്ങിയ കള്ളന്‍മാര്‍ പിടിയില്‍

author-image
ന്യൂസ് ബ്യൂറോ, ചെന്നൈ
Updated On
New Update

ചെന്നൈ:  കവര്‍ച്ചയ്ക്കായി മദ്യക്കടയുടെ ചുവര്‍ തുരന്ന് അകത്ത് കയറിയ കള്ളന്‍മാര്‍ മദ്യപിച്ചു ലക്കുകെട്ടതിനെ തുടര്‍ന്നു പൊലീസ് പിടിയിലായി. ചെന്നൈ പള്ളിക്കരണി സ്വദേശി സതീഷ്, വിഴുപ്പുറം സ്വദേശി മുനിയന്‍ എന്നിവരാണ് അറസ്റ്റിലായത്.

Advertisment

publive-image

തമിഴ്നാട് തിരുവള്ളൂര്‍ ജില്ലയിലെ കരവട്ടിയെന്ന സ്ഥലത്തെ സര്‍ക്കാര്‍ മദ്യക്കടയായ ടാസ്മാകിന്റെ ചുവരു തുരന്ന് അകത്തുകയറിയ കള്ളന്മാര്‍ക്കാണു മദ്യം ‘പണികൊടുത്തത്’. കവര്‍ച്ചയ്ക്കു ശേഷം റാക്കിലിരുന്ന മദ്യമെടുത്തു കഴിച്ചതോടെ പുറത്തിറങ്ങാന്‍ കഴിയാതെ ഇവർ ഉള്ളില്‍ കുടുങ്ങുകയായിരുന്നു.

പതിവുപോലെ രാത്രി 11 മണിയോടെ കരവട്ടിയിലെ ടാസ്മാക് കടയടച്ചു ജീവനക്കാര്‍ പോയി. രണ്ടുമണിയോടെ കരവപ്പെട്ടി പൊലീസിന്റെ പട്രോളിങ് സംഘം കടയുടെ സമീപമെത്തി. കടയുടെ ഉള്ളില്‍ മദ്യക്കുപ്പികള്‍ താഴെ വീഴുന്ന ശബ്ദം പൊലീസുകാരുടെ ശ്രദ്ധയില്‍പ്പെട്ടു. മുന്നിലെ സിസിടിവി ക്യാമറകളുടെ വയറുകള്‍ മുറിച്ചുമാറ്റിയതു കണ്ടതോടെ കവര്‍ച്ചയെന്ന് മനസ്സിലായി. പരിശോധനയില്‍ ഒരുവശത്തെ ചുവർ തുരന്നതായും കണ്ടെത്തി.

മദ്യക്കുപ്പികള്‍ താഴെ വീഴുന്ന ശബ്ദം ആവര്‍ത്തിച്ചതോടെ ഉള്ളില്‍ ആളുണ്ടെന്ന് പൊലീസ് ഉറപ്പിച്ചു. മേശവലിപ്പിലുണ്ടായിരുന്ന 10,000 രൂപയുമെടുത്തു പുറത്തുകടക്കാന്‍ ഒരുങ്ങുമ്പോഴാണ് റാക്കുകളില്‍ നിരത്തിവച്ചിരുന്ന മദ്യക്കുപ്പികളില്‍ മോഷ്ടാക്കളുടെ കണ്ണുകളുടക്കിയത്. പിന്നെ ഇഷ്ടപ്പെട്ട ബ്രാന്‍ഡുകളെല്ലാം വേണ്ടുവോളം കഴിച്ചു.

ലഹരി മൂത്തതോടെ പുറത്തിറങ്ങാനാവാതെ പരുങ്ങിയ ഇരുവരെയും പൊലീസ് വലിച്ചു പുറത്തിറക്കി. നേരെ സ്റ്റേഷനിലെത്തിച്ച രണ്ടുപേരെയും മോഷണക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു ജയിലിലടച്ചു.

Advertisment