കിണറ്റിൽനിന്നും മലമ്പാമ്പിനെ പിടികൂടുന്നതിനിടെ പത്തടി നീളമുള്ള മലമ്പാമ്പ് കഴുത്തില്‍ വരിഞ്ഞുമുറുക്കി; പാമ്പുപിടിത്തക്കാരനു ദാരുണാന്ത്യം

author-image
ന്യൂസ് ബ്യൂറോ, ചെന്നൈ
Updated On
New Update

ചെന്നൈ: തമിഴ്നാട് കൃഷ്ണഗിരി ജില്ലയിലെ കാവേരിപട്ടണത്തിനടുത്തുള്ള പന്നിഹള്ളി ഗ്രാമത്തിൽ കിണറ്റിൽനിന്നും മലമ്പാമ്പിനെ പിടികൂടുന്നതിനിടെ പാമ്പുപിടിത്തക്കാരനു ദാരുണാന്ത്യം. പാമ്പുപിടിത്തക്കാരനായ ജി.നടരാജനാണ് (55) മരിച്ചത്. പത്തടി നീളമുള്ള മലമ്പാമ്പ് നടരാജന്റെ കഴുത്തില്‍ വരിഞ്ഞുമുറുക്കുകയായിരുന്നെന്നു ദൃക്‌സാക്ഷികൾ പറഞ്ഞു.

Advertisment

publive-image

കര്‍ഷകനായ ചിന്നസ്വാമിയുടെ കൃഷിയിടത്തിൽ മൂന്ന് ദിവസം മുൻപാണ് പത്തടിയോളം നീളമുള്ള മലമ്പാമ്പ് കയറിയത്. ഒരു ആട്ടിൻകുട്ടിയെ വിഴുങ്ങിയ പെരുമ്പാമ്പ് കിണറിനു സമീപമുണ്ടായിരുന്നു.

തിങ്കളാഴ്ച കൃഷിയാവശ്യത്തിനായി മോട്ടർ സ്ഥാപിക്കുന്നതിനിടെയാണു മലമ്പാമ്പിനെ കണ്ടെത്തിയത്. തുടർന്ന് ചിന്നസ്വാമി ഓടിപ്പോയി നടരാജനെ വിവരമറിയിച്ചു. രാവിലെ എട്ടോടെ നടരാജൻ സ്ഥലത്തെത്തി കയറുപയോഗിച്ചു കിണറ്റിലിറങ്ങി.

പിടികൂടി പുറത്തെത്തിക്കാന്‍ ശ്രമിക്കുന്നതിനിടെ പെട്ടെന്ന് പെരുമ്പാമ്പ് നടരാജിന്റെ കാലുകളിലും ശരീരത്തിലും ചുറ്റിമുറുക്കി. പെരുമ്പാമ്പ് ചുറ്റിയതോടെ നടരാജൻ കിണറ്റിൽ വീണു. വെള്ളത്തിൽ വീണിട്ടും പാമ്പ് പിടിവിട്ടില്ല. തുടർന്നു ശ്വാസം മുട്ടിയാണു നടരാജൻ മരിച്ചതെന്നു പൊലീസ് പറഞ്ഞു. ചിന്നസാമി അറിയിച്ചതനുസിച്ച് ഉടൻ കൃഷ്ണഗിരിയിൽനിന്ന് അഗ്നിരക്ഷാസേന സ്ഥലത്തെത്തി.

60 അടി താഴ്ചയുള്ള കിണറ്റിൽ, കഴിഞ്ഞ ദിവസങ്ങളിലെ കനത്തമഴയിൽ ധാരാളം വെള്ളമുണ്ടായിരുന്നെന്നു സ്റ്റേഷൻ ഫയർ ഓഫിസർ വെങ്കടാചലം പറഞ്ഞു. അഗ്‌നിരക്ഷാസേന ഏറെ പ്രയാസപ്പെട്ട് ഒൻപതരയോടെ നടാജിനെ പുറത്തെത്തിച്ചു കാവേരിപട്ടണത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Advertisment