ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട മാന്‍ഡോസ് ചുഴലിക്കാറ്റ് ഇന്നു തീരം തൊടും; അര്‍ധരാത്രിയോടെ ശ്രീഹരിക്കോട്ടയ്ക്കും പുതുച്ചേരിക്കും ഇടയിലൂടെ കരയില്‍ പ്രവേശിക്കുമെന്ന് മുന്നറിയിപ്പ്; കേരളത്തിൽ വരും മണിക്കൂറുകളിൽ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

New Update

ചെന്നൈ: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട മാന്‍ഡോസ് ചുഴലിക്കാറ്റ് ഇന്നു തീരം തൊടും. അര്‍ധരാത്രിയോടെ ശ്രീഹരിക്കോട്ടയ്ക്കും പുതുച്ചേരിക്കും ഇടയിലൂടെ കരയില്‍ പ്രവേശിക്കുമെന്നാണു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ചെന്നൈയ്ക്കു സമീപമുള്ള മഹാബലിപുരത്തു കൂടിയാകും കര തൊടുന്നതിനു തുടക്കമാവുകയെന്നാണു സൂചന.

Advertisment

publive-image

നിലവില്‍ ചെന്നൈയില്‍നിന്നു 400 കിലോമീറ്റര്‍ അകലെയാണു ചുഴലിക്കാറ്റ് സ്ഥിതി ചെയ്യുന്നത്. ചെന്നൈയിൽ ഇടവിട്ടുള്ള കനത്ത മഴ തുടരുകയാണ്. മണിക്കൂറില്‍ 12 കിലോമീറ്റര്‍ വേഗത്തില്‍ നീങ്ങുന്ന ചുഴലിക്കാറ്റ് കര കടക്കുമ്പോള്‍ 70 മുതല്‍ 85 കിലോമീറ്റര്‍ വേഗത്തിൽ ആഞ്ഞുവീശും. ഇന്നും നാളെയും മറ്റന്നാളും തമിഴ്നാട്ടിലും പുതുച്ചേരിയിലും ആന്ധ്രപ്രദേശിന്റെ തീരദേശങ്ങളിലും കനത്ത മഴയുണ്ടാകും.

ചുഴലിക്കാറ്റ് മുന്നറിയിപ്പ് കണക്കിലെടുത്ത് ചെന്നൈ, ചെങ്കല്‍പേട്ട്, തിരുവെള്ളൂര്‍, കടലൂര്‍, വിഴുപ്പുറം, റാണിപ്പേട്ട് തുടങ്ങിയ ആറു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവരോടു സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറാന്‍ ജില്ലാ ഭരണകൂടങ്ങള്‍ നിര്‍ദേശം നല്‍കി.

ചെന്നൈയിലും പുതുച്ചേരിയിലും ദേശീയ ദുരന്തനിവാരണ സേനയുടെ യൂണിറ്റുകളെ വിന്യസിച്ചിട്ടുണ്ട്. കേരളത്തിൽ വരും മണിക്കൂറുകളിൽ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Advertisment