ചെന്നൈ: പുതുക്കോട്ടൈ ജില്ലയിലെ ഇരായൂർ ഗ്രാമത്തിൽ ദലിത് വിഭാഗത്തിൽപ്പെട്ടവർക്കായി വച്ച കുടിവെള്ളത്തിന്റെ ടാങ്കിൽ മനുഷ്യ വിസർജ്യം കലര്‍ത്തി ക്രൂരത. നൂറോളം പേർക്കു കുടിവെള്ളം എത്തിക്കുന്ന 10,000 ലീറ്ററിന്റെ ടാങ്കിലാണ് മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച് വിസർജ്യം നിക്ഷേപിച്ചത്.
/sathyam/media/post_attachments/hmswWM0m91ieVQTiTsSR.jpg)
10,000 ലീറ്ററിന്റെ ടാങ്കിനുള്ളിൽ വലിയ അളവിൽ വിസർജ്യം കണ്ടെത്തിയെന്ന പരാതിയെത്തുടർന്ന് പുതുക്കോട്ടൈ കലക്ടർ കവിത രാമുവും ജില്ലാ പൊലീസ് മേധാവി വന്ദിത പാണ്ഡെയും മധ്യ തമിഴ്നാട്ടിലെ ഇരായുർ ഗ്രാമത്തിൽ ചൊവ്വാഴ്ച എത്തിയിരുന്നു. അടുത്തിടെ, ഗ്രാമത്തിലെ കുട്ടികൾക്ക് രോഗം പിടിപെട്ടിരുന്നു. കുടിവെള്ളത്തിന്റെ പ്രശ്നമാണെന്ന് ഡോക്ടർമാർ പറഞ്ഞപ്പോഴാണ് ഗ്രാമീണർ ടാങ്കിനു മുകളിൽക്കയറി ഉൾവശം പരിശോധിച്ചത്.
‘‘ഉയർന്ന അളവിൽ വിസർജ്യം ടാങ്കിനുള്ളിൽ നിക്ഷേപിച്ചിട്ടുണ്ട്. വെള്ളം മഞ്ഞനിറത്തിലായി. അതു മനസ്സിലാക്കാതെ ഒരാഴ്ചയോ അതിൽക്കൂടുതലോ ആയി ജനങ്ങള്‍ ഈ വെള്ളമാണ് ഉപയോഗിച്ചിരുന്നത്. കുട്ടികൾ രോഗബാധിതരാകാൻ തുടങ്ങിയപ്പോഴാണ് സത്യം പുറത്തുവന്നത്’’ – പ്രദേശത്തെ രാഷ്ട്രീയപ്രവർത്തക മോക്ഷ ഗുണവലഗൻ പറയുന്നു.
ആരാണ് കുറ്റക്കാരെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. ടാങ്കിനു ചുറ്റുമുള്ള വേലി ആരോ തുറന്നിരുന്നു. ‘‘ഗ്രാമീണർ ടാങ്കിനു മുകളിൽ കയറിയപ്പോൾ അതിന്റെ മൂടി മാറിയിരിക്കുന്നതായി കണ്ടെത്തുകയായിരുന്നു. എന്നാൽ ഇതിനു മുകളിൽ ആരെങ്കിലും കയറുന്നതോ മാലിന്യം ഇടുന്നതോ ആരും കണ്ടിട്ടില്ല’’ – കലക്ടർ കവിത രാമു പറഞ്ഞു.
ജാതിവിവേചനം ആഴത്തിൽ വേരോടുന്ന ഗ്രാമങ്ങളിൽ ഒന്നാണ് ഇതെന്ന് ഗ്രാമീണർ പറയുന്നു. കഴിഞ്ഞ മൂന്നു തലമുറകളിലായി ദലിത് വിഭാഗക്കാർക്ക് ഗ്രാമത്തിലെ ക്ഷേത്രത്തിൽ പ്രവേശനം അനുവദിച്ചിരുന്നില്ല. ചായക്കടയിലെ ഗ്ലാസുകളുടെ കാര്യവും അങ്ങനെതന്നെ. ചായക്കടയുടമയ്ക്കെതിരെ കേസ് എടുത്തിട്ടുണ്ട്. ക്ഷേത്രത്തിൽ പ്രവേശിക്കുന്നത് വിലക്കിയവര്‍ ആരൊക്കെയെന്ന് പറയണമെന്ന് ഗ്രാമീണരോട് ആവശ്യപ്പെട്ടു.
ക്ഷേത്രത്തിൽ പൂജ ചടങ്ങ് നടക്കുന്ന സമയമായിരുന്നു. പെട്ടെന്ന് ഉയർന്ന ജാതിയിലെ ഒരു സ്ത്രീ ദൈവം തന്റെ ശരീരത്തിൽ കയറിയെന്നും താഴ്ന്ന ജാതിക്കാരെ ഈ ക്ഷേത്രത്തിൽ പ്രവേശിപ്പിക്കുന്നതിന് ഇഷ്ടമല്ലെന്നും പറഞ്ഞു. പൊലീസ് ഇവർക്കെതിരെ കേസ് എടുത്തിട്ടുണ്ട്.
‘‘മൂന്നു തലമുറകളായി ഞങ്ങളെ ക്ഷേത്രത്തിൽ പ്രവേശിപ്പിക്കില്ലായിരുന്നു. ഇന്നു കലക്ടർ ഞങ്ങളെ കയറ്റിയതിൽ വലിയ സന്തോഷമുണ്ട്. ഇതു തുടരണം. ഇവിടെമാത്രമല്ല, ഞങ്ങളെ പുറത്തുനിർത്തുന്ന എല്ലാ സ്ഥലങ്ങളിലും ഇതു തുടരണം. ഞങ്ങൾ മറ്റുള്ളവരെക്കാൾ ഒട്ടും ചെറുതല്ല, അങ്ങനെതന്നെ പരിഗണിക്കപ്പെടണം’’ – 22 വർഷമായി ഗ്രാമത്തിൽ കഴിയുന്ന സിന്ധുജ എന്ന ബിരുദധാരിയായ പെൺകുട്ടി പറയുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ബിജെപിയും ഒരു സംഘത്തെ ഇന്ന് അയയ്ക്കുമെന്നാണ് റിപ്പോർട്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us