തമിഴ്‌നാട് മുൻ എംപി ഡോ ഡി. മസ്താന്റെ മരണം ആസൂത്രിത കൊലപാതകം; വാങ്ങിയ പണം തിരികെ ചോദിച്ചത് പകയ്ക്ക് കാരണമായി; മൂന്നു പേര്‍ അറസ്റ്റില്‍

New Update

ചെന്നൈ: തമിഴ്‌നാട് മുൻ എംപി ഡോ. ഡി. മസ്താന്റെ (66) മരണം ആസൂത്രിത കൊലപാതകം.  മരണത്തിൽ ദുരൂഹത ആരോപിച്ച് മസ്താന്റെ മകൻ ഷാനവാസ് നൽകിയ പരാതിയെ തുടർന്നു നടത്തിയ ചോദ്യംചെയ്യലിലാണ് മരണം കൊലപാതകമെന്ന് തെളിഞ്ഞത്‌.

Advertisment

publive-image

ബന്ധുവായ കാർ ഡ്രൈവർ ഇമ്രാൻ, സുൽത്താൻ അഹമ്മദ്, നസീർ, തൗഫീഖ്, ലോകേഷ് എന്നിവർ അറസ്റ്റിലായി. 22നു ചെന്നൈയിൽ നിന്നു ചെങ്കൽപ്പെട്ടിലേക്കുള്ള യാത്രയ്ക്കിടെ ഹൃദയാഘാതമുണ്ടായെന്നാണ് ഇമ്രാൻ മുൻപു നൽകിയിരുന്ന മൊഴി.

എന്നാൽ, വഴിയിലെ സിസിടിവി ദൃശ്യങ്ങളുടെയും ഫോൺ കോളുകളുടെയും അടിസ്ഥാനത്തിൽ ഇതു ശരിയല്ലെന്ന് പൊലീസ് കണ്ടെത്തി. ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതിന്റെ തെളിവുകൾ പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും ലഭിച്ചു. മറ്റ് 4 പേർക്കൊപ്പം മസ്താനെ കൊലപ്പെടുത്താൻ ആസൂത്രണം ചെയ്തത് താനാണെന്ന് ഇമ്രാൻ സമ്മതിച്ചു.

പൊലീസ് പറയുന്നതിങ്ങനെ:

മസ്താനിൽ നിന്നു വാങ്ങിയ 15 ലക്ഷം രൂപ തിരികെ ചോദിച്ചതിനെ തുടർന്നാണു കൊലപാതകം ആസൂത്രണം ചെയ്തത്. ഇമ്രാന്റെ ബന്ധുവായ സുൽത്താൻ അഹമ്മദും സുഹൃത്തുക്കളും കൊലപാതകത്തിനു സഹായം വാഗ്ദാനം ചെയ്തു.

പണം നൽകാമെന്നു വിശ്വസിപ്പിച്ചാണ് ഇമ്രാനും സംഘവും മസ്താനെ കാറിൽ ചെങ്കൽപ്പെട്ട് ഭാഗത്തേക്കു കൊണ്ടുപോയത്. ഒപ്പം കാറിൽ കയറിയ നാസറും സുൽത്താൻ അഹമ്മദുമാണു ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയത്. മറ്റൊരു കാറിൽ പിന്തുടരുകയായിരുന്ന ലോകേഷും തൗഫീഖും പ്രതികളെ കടന്നുകളയാൻ സഹായിച്ചു.

എഐഎഡിഎംകെ പ്രതിനിധിയായി രാജ്യസഭാംഗമായ(1995-2001) മസ്താൻ പിന്നീട് ഡിഎംകെയിൽ ചേർന്നു. ഡോക്ടറായ അദ്ദേഹം ആശുപത്രിയും നടത്തിയിരുന്നു.

Advertisment