ആരുടെയും ചോദ്യങ്ങൾക്ക് ഉത്തരം നൽകാതെ മണിക്കൂറുകളോളം സംസാരിക്കാൻ സാധിക്കുന്ന കല പഠിക്കാൻ സാധിച്ചു; മോദിക്കെതിരെ രൂക്ഷവിമർശനവുമായി സ്റ്റാലിൻ

New Update

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമർശനവുമായി തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ. ലോക്സഭയിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഉന്നയിച്ച നിരവധി ചോദ്യങ്ങൾക്ക് മറുപടി പറയാത്ത പ്രധാനമന്ത്രിയിൽനിന്ന് ആരുടെയും ചോദ്യങ്ങൾക്ക് ഉത്തരം നൽകാതെ മണിക്കൂറുകളോളം സംസാരിക്കാൻ സാധിക്കുന്ന കല പഠിക്കാൻ സാധിച്ചതായി സ്റ്റാലിൻ പരിഹസിച്ചു.

Advertisment

publive-image

ലോക്സഭയിൽ നന്ദിപ്രമേയ ചർച്ചയ്ക്കുള്ള പ്രധാനമന്ത്രിയുടെ മറുപടി പ്രസംഗം ഉദ്ദേശിച്ചായിരുന്നു സ്റ്റാലിന്റെ പരാമർശം. നരേന്ദ്ര മോദിയും വ്യവസായി ഗൗതം അദാനിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഉൾപ്പെടെ രാഹുൽ ആരോപണം ഉന്നയിച്ചിരുന്നെങ്കിലും പ്രധാനമന്ത്രി ഒന്നിനും മറുപടി പറഞ്ഞിരുന്നില്ല.

‘‘പ്രധാനമന്ത്രിക്കും ബിജെപി സർക്കാരിനുമെതിരെ നിരവധി ആരോപണങ്ങളുണ്ടെങ്കിലും ഒന്നിനോടും അദ്ദേഹം പ്രതികരിച്ചിട്ടില്ല. ജനങ്ങളുടെ വിശ്വാസമാണ് തന്റെ സംരക്ഷണ കവചമെന്ന് അദ്ദേഹം പറയുന്നു. പ്രധാനമന്ത്രിയുടെ പ്രസംഗം വാചകകസർത്ത് ആയിരുന്നെങ്കിലും 2002ലെ ഗുജറാത്ത് കലാപം സംബന്ധിച്ചുള്ള ബിബിസി ഡോക്യുമെന്ററിയെക്കുറിച്ചോ അദാനി വിഷയത്തെക്കുറിച്ചോ വിശദീകരണമൊന്നും നൽകിയിട്ടില്ല.

അദാനി ഗ്രൂപ്പിനെതിരായ ആരോപണങ്ങൾ കേന്ദ്രത്തിലെ ബിജെപി സർക്കാരിനെതിരായ നേരിട്ടുള്ള ആരോപണങ്ങളാണ്. ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള സുപ്രീം കോടതി ബെഞ്ച് പോലും കേസ് ഗൗരവമായി പരിഗണിക്കുന്നു. അതിനാൽ പാർലമെന്റിൽ ചർച്ച നടത്തണം. സംയുക്ത പാർലമെന്ററി സമിതി അന്വേഷണത്തിന് ഉത്തരവിടണം.’’– സ്റ്റാലിൻ പറഞ്ഞു.

Advertisment