ചെന്നൈ: തമിഴ്നാട്ടിൽ വിവിധ ജില്ലകളിലായി കഴിഞ്ഞ 36 മണിക്കൂറിനിടെ മഴക്കെടുതിയിൽ അഞ്ച് പേർ മരിച്ചു. തിരുവണ്ണാമലയിൽ രണ്ട് പേരും അരിയല്ലൂർ, ശിവഗംഗ, ദിണ്ടിഗൽ എന്നിവിടങ്ങളിൽ ഓരോരുത്തരുമാണ് മരിച്ചത്.
11 ജില്ലകളിലെ 114 ദുരിതാശ്വാസ ക്യാംപുകളിലായി 10,523 പേരെ മാറ്റിപ്പാർപ്പിച്ചു. തൂത്തുക്കുടി, തിരുനെൽവേലി, രാമനാഥപുരം, നാഗപട്ടണം ജില്ലകളിലാണ് വലിയ നാശനഷ്ടം ഉണ്ടായത്.
കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ചെന്നൈ ഉൾപ്പെടെയുള്ള 15 തീരദേശ ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
സംസ്ഥാനത്തെ 18 ജില്ലകളിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയാണ്. ദേശീയ ദുരന്ത നിവാരണ സേനയുടെ രണ്ട് സംഘങ്ങൾ ചെങ്കൽപേട്ടും ഒരു സംഘം കാഞ്ചീപുരത്തും ദുരിതാശ്വാസ പ്രവർത്തനങ്ങളായി സജ്ജരായുണ്ട്.
ചെന്നൈയിൽ ഇന്നലെ മുതൽ ഒറ്റപ്പെട്ട മഴ പെയ്യുന്നുണ്ട്. നഗരത്തിലെ 59 ഇടങ്ങളിൽ വീണ്ടും വെള്ളക്കെട്ട് രൂപപ്പെട്ടു. അടുത്ത 24 മണിക്കൂറിൽ ശക്തമായ മഴ ചെന്നൈയിലുണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
സാധാരണ മൺസൂൺ കാലത്തെക്കാൾ 70 ശതമാനം അധികം മഴയാണ് തമിഴ്നാട്ടിൽ ഇതുവരെ പെയ്തത്.