മാന്യമായ വസ്ത്രം ധരിച്ചു വരു’: ഡ്രൈവിംഗ് ടെസ്റ്റിനെത്തിയ യുവതിയെ തിരികെ അയച്ച് ആർടിഒ ഉദ്യോഗസ്ഥൻ ; നടപടി വിവാദത്തിൽ

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Wednesday, October 23, 2019

ചെന്നൈ: ഡ്രൈവിംഗ് ടെസ്റ്റിനായെത്തിയ യുവതിയെ വസ്ത്രധാരണത്തിന്റെ പേരിൽ തിരികെ അയച്ച ആർടിഒ ഉദ്യോഗസ്ഥന്റെ നടപടി വിവാദത്തിൽ. ചെന്നൈയിലെ ഒരു സോഫ്റ്റ് വെയർ കമ്പനിയിൽ ജോലി ചെയ്യുന്ന യുവതിക്കാണ് ദുരനുഭവം. കെ കെ നഗറിലെ ആർടിഒ ഓഫീസിലാണ് യുവതി ഡ്രൈവിംഗ് ടെസ്റ്റിനായെത്തിയത്.

ജീൻസും സ്ലീവ് ലെസ് ടോപ്പും ധരിച്ചെത്തിയ ഇവരെ വകുപ്പ് ഉദ്യോഗസ്ഥൻ മടക്കി അയച്ചുവെന്നാണ് ആരോപണം. വീട്ടിൽ പോയി മാന്യമായി വസ്ത്രം ധരിച്ച് മടങ്ങി വരു എന്ന നിർദേശവും ഇയാൾ നല്‍കിയെന്നും ആരോപണമുണ്ട്.

ഇതൊരു സർക്കാർ ഓഫീസാണെന്നും ഇവിടെയെത്തുന്ന ആളുകളോട് മാന്യമായി വസ്ത്രം ധരിച്ചെത്താൻ പറയുന്നതിൽ എന്താണ് തെറ്റെന്നുമാണ് ആർടിഒ വകുപ്പിലെ ഉദ്യോഗസ്ഥർ തന്നെ ചോദിക്കുന്നത്. സമൂഹത്തിന്റെ വിവിധ തലങ്ങളിൽ നിന്നുള്ള ആളുകൾ എത്തുന്ന ഒരു സ്ഥലമാണിത് ഇക്കാര്യം എല്ലാവരും മനസിൽ ഓർത്തിരിക്കണമെന്നും ഇയാൾ വ്യക്തമാക്കി.

ഡ്രൈവിംഗ് ടെസ്റ്റിനെത്തുന്നവര്‍ക്ക് പ്രത്യേക ഡ്രസ്സ് കോഡ് നിർബന്ധമൊന്നുമില്ലെങ്കിലും ഇവിടെയെത്തുന്ന പുരുഷൻമാരും സ്ത്രീകളും മാന്യമായ വേഷം ധരിച്ചെത്തണമെന്നും ആർടിഒ അധികൃതർ വ്യക്തമാക്കി. ‘ ഇത് സദാചാര പൊലീസിംഗ് ഒന്നുമല്ല..

പുരുഷനായാലും സ്ത്രീ ആയാലും ശരിയായ വേഷം ധരിച്ചെത്തുക എന്നത് പൊതുവായ നിർദേശമാണ് എന്നായിരുന്നു വാക്കുകൾ.. പലതരത്തിലുള്ള ആളുകളാണ് ആർടിഒ ഓഫീസിലെത്തുന്നത്.

അതുകൊണ്ട് തന്നെ അനാവശ്യമായ എന്തെങ്കിലും സാഹചര്യങ്ങൾ ഉണ്ടാകാതിരിക്കാൻ നല്ല രീതിയിലുള്ള വേഷങ്ങൾ ധരിച്ചെത്തണം.. ലുങ്കിയും ഷോർട്സും ധരിച്ചെത്തുന്ന പുരുഷന്മാരെയും ഇക്കാര്യം ചൂണ്ടിക്കാട്ടി മടക്കി അയക്കാറുണ്ടെന്നും അധികൃതർ പറയുന്നു.

×