വിവാഹാഭ്യര്‍ഥന നിരസിച്ച അധ്യാപികയെ യുവാവ് ക്ലാസ്സ് മുറിയില്‍ കയറി വെട്ടിക്കൊന്നു. സംഭവം കുട്ടികള്‍ ക്ലാസില്‍ എത്തുന്നതിനു തൊട്ടുമുന്‍പ്

ന്യൂസ് ബ്യൂറോ, ചെന്നൈ
Friday, February 22, 2019

ചെന്നൈ : വിവാഹാഭ്യര്‍ഥന നിരസിച്ച അധ്യാപികയെ യുവാവ് ക്ലാസ്സ് മുറിയിലിട്ട് വെട്ടിക്കൊന്നു. ചെന്നൈ കടലൂര്‍ ജില്ലയിലെ കുറുഞ്ഞിപ്പാടിയിൽ ഇന്ന് രാവിലെയാണ് സംഭവം

ഗായത്രി മെട്രിക്കുലേഷന്‍ സ്‌കൂളിലെ അധ്യാപികയായിരുന്നു എസ് രമ്യ എന്ന യുവതി. അഞ്ചാം ക്ലാസ്സ് വിദ്യാര്‍ഥികള്‍ക്ക് ക്ലാസ് എടുക്കുന്നതിനായി രാവിലെ 8.30ന് ക്ലാസ് മുറിയിലെത്തിയിരുന്നു. അപ്പോള്‍ ക്ലാസ്സില്‍ കുട്ടികളാരും തന്നെ ഉണ്ടായിരുന്നില്ല. ഈ സമയമാണ് കെ രാജശേഖര്‍ എന്ന യുവാവ് ക്ലാസ് മുറിയിലെത്തുകയും രമ്യയുടെ കഴുത്തിന് വെട്ടുകയുമായിരുന്നു .

വെട്ടേറ്റുകിടന്ന രമ്യയെ സ്കൂളിലെ ശുചീകരണ ജീവനക്കാരിയാണ് ആദ്യം കാണുന്നത്. പക്ഷെ രമ്യ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു.

രമ്യയുടെ വീട് സ്‌കൂളിനടുത്തായതു കൊണ്ടു തന്നെ എല്ലാ ദിവസവും നേരത്തെ അവര്‍ സ്‌കൂളില്‍ വരുമായിരുന്നുവെന്നും വാക്ക് തര്‍ക്കത്തിനൊടുവിലാണ് കൊലയെന്നു കരുതുന്നതായും സ്‌കൂള്‍ അധികൃതര്‍ പറയുന്നു.

കോളേജ് പഠനകാലം മുതല്‍ രാജശേഖറിന് രമ്യയെ അറിയാം. ആറ് മാസം മുമ്പ് രമ്യയെ വിവാഹം ചെയ്ത് തരുമോ എന്ന് രമ്യയുടെ മാതാപിതാക്കളോട് രാജശേഖര്‍ ആവശ്യപ്പെട്ടിരുന്നു. ഇതായിരിക്കാം പ്രതിയെ പ്രകോപിപ്പിച്ചതെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

താന്‍ ആത്മഹത്യ ചെയ്യുമെന്ന് രാജശേഖര്‍ സഹോദരിയെ അറിയിച്ചിരുന്നതായി വിവരം കിട്ടിയെന്നും പോലീസ് പറഞ്ഞു.

×