Advertisment

ഇടതുസര്‍ക്കാരിന്റെ 4 വര്‍ഷത്തെ പ്രവര്‍ത്തനത്തിനടിയില്‍ കര്‍ഷകര്‍ക്ക് ആശ്വാസകരമായ ഒരു നടപടിയും ഉണ്ടായിട്ടില്ല; എല്‍.ഡി.എഫ് ഭരണം കര്‍ഷകര്‍ക്ക് നല്‍കിയത് ദുരിതം; രമേശ് ചെന്നിത്തല

New Update

തിരുവനന്തപുരം : ഇടതുസര്‍ക്കാരിന്റെ 4 വര്‍ഷത്തെ പ്രവര്‍ത്തനത്തിനടിയില്‍ കര്‍ഷകര്‍ക്ക് ആശ്വാസകരമായ ഒരു നടപടിയും ഉണ്ടായിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കഴിഞ്ഞ 4 വര്‍ഷം കര്‍ഷകര്‍ക്കര്‍ക്ക് ഏറ്റവും ദുരിതപൂര്‍ണ്ണമായ കാലമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

Advertisment

publive-image

ലോക്ക്ഡൗണിനെത്തുടര്‍ന്ന് കടുത്ത പ്രതിസന്ധിയിലായ കേരളത്തിലെ കര്‍ഷിക മേഖല നേരിടുന്ന പ്രശ്‌നങ്ങളില്‍ സംസ്ഥാന സര്‍ക്കാരിന്റെ അടിയന്തിര ഇടപെടല്‍ ആവശ്യപ്പെട്ട് കേരളാ കോണ്‍ഗ്രസ്സ് (എം) ചെയര്‍മാന്‍ ജോസ് കെ.മാണി എം.പിയുടെ നേതൃത്വത്തില്‍ പാര്‍ട്ടി ജനപ്രതിനിധികളുടെ സെക്രട്ടേറിയറ്റ് ധര്‍ണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

തോമസ് ചാഴിക്കാടന്‍ എം.പി, റോഷി അഗസ്റ്റിന്‍ എം.എല്‍.എ, ഡോ.എന്‍.ജയരാജ് എം.എല്‍.എ എന്നീ ജനപ്രതിനിധികളും തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് സഹായദാസ് നാടാരുമാണ് ധര്‍ണ്ണയില്‍ പങ്കെടുത്തത്. കേരളത്തിലെ സാധാരണകര്‍ഷകര്‍ക്ക് കൈത്താങ്ങായി മാറിയ 4 ശതമാനത്തിന്മേലുള്ള സ്വര്‍ണ്ണപ്പണയ കാര്‍ഷിക

വായ്പ പദ്ധതി തുടരാന്‍ നടപടിയുണ്ടാവുക, റബര്‍ വിലസ്ഥിരതാ പദ്ധതിയിലെ കുടിശിഖ അടിയന്തിരമായി തീര്‍പ്പാക്കുക, കര്‍ഷകന്റെ 5 ലക്ഷം രൂപവരെയുള്ള വായ്പകള്‍ എഴുതിതള്ളുക, കര്‍ഷകര്‍ക്ക് പ്രതിമാസം 10,000 രൂപ പെന്‍ഷന്‍ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ധര്‍ണ്ണ നടത്തിയത്.

സ്വര്‍ണ്ണപ്പണയ കാര്‍ഷിക വായ്പ നിര്‍ത്തലാക്കാനുള്ള നിര്‍ദേശം മുന്നോട്ടുവെച്ച സംസ്ഥാന കൃഷിവകുപ്പ് മന്ത്രി കേരളത്തിലെ സാധാരണ കര്‍ഷകരെ വഞ്ചിക്കുകയാണ് ചെയ്തതെന്ന് കേരളാ കോണ്‍ഗ്രസ്സ് (എം) ചെയര്‍മാന്‍ ജോസ് കെ.മാണി എം.പി പറഞ്ഞു. സംസ്ഥാനതല ബാങ്കിംഗ് അവലോകന സമിതിയില്‍ സംസ്ഥാന കൃഷിവകുപ്പ് മന്ത്രി പരാതി ഉന്നയിച്ചതിനെ തുടര്‍ന്നാണ് 2019 ഡിസംബറില്‍ നാല് ശതമാനം സ്വര്‍ണ്ണപണയ കാര്‍ഷിക വായ്പ നിര്‍ത്തലാക്കിയത്. കൃഷിക്കാര്‍ക്ക് മാത്രം 4 ശതമാനം സ്വര്‍ണ്ണപ്പണയ വായ്പ ലഭിക്കുന്നു എന്ന് ഉറപ്പാക്കാന്‍ ഇത്തരം വായ്പകള്‍ കിസാന്‍ ക്രഡിറ്റ് കാര്‍ഡ് വഴിയാകണന്നായിരുന്നു കൃഷിമന്ത്രിയുടെ നിര്‍ദേശം.എന്നാല്‍ കേരളത്തിലെ കര്‍ഷകരില്‍ പത്ത് ശതമാനത്തിന് പോലും കിസാന്‍ ക്രഡിറ്റ് കാര്‍ഡ് ഉള്ളവരല്ല.കേരളത്തിന്റെ പ്രത്യേക സാഹചര്യത്തില്‍ കിസാന്‍ ക്രഡിറ്റ് കാര്‍ഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി നടപ്പിലാക്കി വായ്പ പരിമിതപ്പെടുത്തുന്നത് ഈ പദ്ധതിയുടെ ലക്ഷ്യത്തെതന്നെ തകര്‍ക്കും അതുകൊണ്ടുതന്നെ നിലവിലുള്ള അതേരീതിയില്‍തന്നെ എല്ലാ കര്‍ഷകര്‍ക്കും സബ്‌സിഡി ലഭിക്കുന്നതിനുള്ള നടപടികളുണ്ടാവണം.

സ്വര്‍ണ്ണപ്പണയ കൃഷിവായ്പ തുടരാന്‍ റിസര്‍വ് ബാങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ സമ്മര്‍ദ്ദം ചെലുത്തണം. ഇക്കാര്യത്തില്‍ സ്വീകരിച്ച അപ്രായോഗികവും കര്‍ഷക വിരുദ്ധവുമായ നിലപാട് കൃഷിവകുപ്പ് തിരുത്തണം.റബര്‍ കര്‍ഷകര്‍ക്ക് ആശ്വാസമേകാനായി കഴിഞ്ഞ യു.ഡി.എഫ് ആവിഷ്‌ക്കരിച്ച റബര്‍ വിലസ്ഥിരതാ പദ്ധതി പ്രകാരമുള്ള ധനസഹായം മുടങ്ങിക്കിടക്കുകയാണ്. ജീവിതം വഴിമുട്ടുന്ന നിലവിലെ അതീവ ഗുരുതരമായസഹചര്യത്തില്‍ ഇതുപ്രകാരമുള്ള മുഴുവന്‍ കുടിശിഖയും അടിയന്തിരമായി വിതരണം ചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിക്കണം. കോവിഡ് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ കര്‍ഷകരുടെ 5 ലക്ഷം രൂപ വരെയുള്ള വായ്പകള്‍ എഴുതിതള്ളാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിക്കണം. ലോക്ക്ഡൗണിനെത്തുടര്‍ന്ന് ചരിത്രത്തിലെ ഏറ്റവും വലിയ വിലത്തകര്‍ച്ച നേരിടുന്ന സംസ്ഥാനത്തെ കര്‍ഷകര്‍ക്ക് 10,000 രൂപ വീതം പ്രതിമാസം പെന്‍ഷന്‍ അനുവദിക്കാനുള്ള നടപടികള്‍ ഉണ്ടാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

remesh chennithala cm pinarayi
Advertisment