സംസ്ഥാനത്ത് സിപിഎമ്മും ബിജെപിയും തമ്മിലുണ്ടാക്കിയ രഹസ്യ ധാരണ രാഹുല്‍ ഗാന്ധി തുറന്നു കാട്ടിയതിലുള്ള രോക്ഷമാണ് സിപിഎമ്മിന്: ആഞ്ഞടിച്ച് രമേശ് ചെന്നിത്തല

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Wednesday, February 24, 2021

തിരുവനന്തപുരം: രാഹുൽ ഗാന്ധിയെ വിമർശിച്ചുകൊണ്ടുള്ള സിപിഎം സെക്രട്ടിറിയേറ്റ് പ്രസ്താവനയ്‌ക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാനത്ത് സിപിഎമ്മും ബിജെപിയും തമ്മിലുണ്ടാക്കിയ രഹസ്യ ധാരണ രാഹുൽ ഗാന്ധി തുറന്നു കാട്ടിയതിലുള്ള രോക്ഷമാണ് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ പ്രസ്താവനയിൽ നിഴലിക്കുന്നതെന്ന് ചെന്നിത്തല പറഞ്ഞു.

കോൺഗ്രസിന്റെ ദേശീയ നേതാവാണ് രാഹുൽ ഗാന്ധി അദേഹത്തിനെതിരെ തരംതാഴ്ന്ന ഭാഷയിലാണ് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവന പുറപ്പെടുവിച്ചിരിക്കുന്നതെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി. വൻകോളിളക്കം സൃഷ്ടിച്ച ലാവ്‌ലിൻ അഴിമതിക്കേസിൽ പ്രതിയായിരുന്ന പിണറായി വിജയനെ മുഖ്യമന്ത്രി കസേരയിലിരുത്തിക്കൊണ്ടാണ് സിപിഎം രാഹുൽ ഗാന്ധിയെ വിമർശിക്കുന്നത്. ലാവ്‌ലിൻ കേസ് സിബിഐ ആവശ്യപ്രകാരം 27 തവണയാണ് സുപ്രീംകോടതി മാറ്റിവയ്ക്കുന്നത്. ഇതിൽ നിന്ന് ബിജെപിയുമായുള്ള സിപിഎമ്മിന്റെ ഒത്തുകളിയല്ലാതെ മറ്റെന്താണെന്നും അദേഹം ചോദിച്ചു.

രാജ്യത്ത് കോൺഗ്രസിന്റെ സംസ്ഥാന സർക്കാരുകൾക്കെതിരെ അന്വേഷണം നടത്തുന്നതിന് അമിത ഉത്സാഹം കാട്ടുന്ന കേന്ദ്ര അന്വേഷണ ഏജൻസികൾ കേരളത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചു നടന്ന രാജ്യദ്രോഹപരമായ സ്വർണ്ണക്കടത്തിലെ അന്വേഷണം എന്തുകൊണ്ടാണ് മന്ദഗതിയിലാക്കിയിരിക്കുന്നതെന്നാണ് രാഹുൽ ഗാന്ധി ചോദിച്ചത്. അതിനെന്താണ് തെറ്റ്? അത് ഒരു വസ്തുതയല്ലേ? രാജ്യത്തെ തന്നെ ഞെട്ടിച്ച കേസായിട്ടും സ്വർണ്ണക്കടത്തു കേസിൽ ഇപ്പോൾ അന്വേഷണമെന്തെങ്കിലും നടക്കുന്നുണ്ടോ? ഈ മെല്ലപോക്കിന് കാരണം എല്ലാവർക്കും അറിയാമെന്നാണ് രാഹുൽ ഗാന്ധി പറഞ്ഞത്.

ഇടതു കൊടി പിടിക്കുന്നവർക്ക് പിൻവാതിൽ വഴി കൂട്ടത്തോടെ ജോലി കൊടുക്കുന്ന കാലമാണിത്. അതേസമയം രാത്രി പകലാക്കി പഠിച്ച്‌ റാങ്ക് ലിസ്റ്റിൽ കയറിക്കൂടിയവർക്ക് നിയമനം ലഭിക്കനായി സെക്രട്ടറിയേറ്റിനു മുന്നിൽ സത്യാഗ്രഹം കിടക്കേണ്ട ഗതികേടിലുമാണ്. രാഹുൽ ഗാന്ധിയുടെ പ്രസംഗം രാഷ്ട്രം മുഴുവൻ ഇന്നലെ കേട്ടതാണ്. രാഷ്ട്രം മുഴുവൻ കേട്ട ആ വാക്കുകളും തമസ്‌കരിച്ച്‌ രാഹുൽ ഗാന്ധി ഒന്നും പറഞ്ഞിട്ടില്ലെന്ന പച്ചക്കള്ളം വിളമ്ബാൻ സിപിഎമ്മിന് മാത്രമേ കഴിയൂ. രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ ട്രാക്ടർ റാലിയെ വിമർശിക്കുമ്ബോൽ ബിജെപിക്കും സിപിഎമ്മിനും ഒരേ ഭാഷ വന്നത് അവരുടെ പുതിയ കൂട്ടുകെട്ടിന്റെ ഫലമാണെന്നുും രമേശ് ചെന്നിത്തല പറഞ്ഞു.

×