/sathyam/media/post_attachments/d2hXEsNLeDwQIaTWKPCm.jpg)
നിയമസഭയിലെ കയ്യാങ്കളി കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ സുപ്രീംകോടതിയില്‍ തടസവാദ ഹര്‍ജിയുമായി മുന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലും കേരള ഹൈക്കോടതിയിലും നടത്തിയ നിയമപോരാട്ടത്തിന്റെ തുടര്‍ച്ചയായിട്ടാണ് സുപ്രീംകോടതിയിലും അപേക്ഷ നല്‍കിയിരിക്കുന്നത്.
കേസില്‍ അടിയന്തരമായി വിചാരണ ആരംഭിക്കണമെന്നും മറിച്ച് കേസ് പിന്‍വലിക്കണമെന്ന ആവശ്യവുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുകയാണെങ്കില്‍ നിയമപരമായി പ്രതിരോധിക്കുമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. കേസ് പിന്‍വലിക്കാന്‍ ഹര്‍ജി കൊടുക്കാന്‍ അധികാരപ്പെട്ട പബ്ലിക് പ്രോസിക്യൂട്ടര്‍ തന്നെ ഹര്‍ജി തള്ളിയ വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാന്‍ വിസമ്മതിച്ച സാഹചര്യത്തില്‍ ഹൈക്കോടതി വിധി ചോദ്യം ചെയ്തു സുപ്രീം കോടതിയെ സമീപിക്കാന്‍ സര്‍ക്കാരിന് അവകാശമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിയമസഭാ സാമാജികര്‍ ഉള്‍പ്പെടുന്ന ക്രിമിനല്‍ കുറ്റങ്ങളിലെ നിയമനടപടികള്‍ക്ക് സ്പീക്കറുടെ അനുമതി വേണം എന്ന വാദത്തെയും ചെന്നിത്തല തള്ളി. അത്തരമൊരു നിബന്ധന ഉണ്ടാവുകയാണെങ്കില്‍ സ്പീക്കര്‍ അംഗീകാരം കൊടുക്കാത്ത കാലത്തോളം ഏതു ഹീനകൃത്യം ചെയ്യുന്ന എംഎല്‍എമാരെയും അറസ്റ്റ് ചെയ്യാന്‍ കഴിയാത്ത അവസ്ഥയാണ് ഉണ്ടാകാന്‍ പോകുന്നതെന്നും രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us