ഇടതു സഹയാത്രികനെന്ന വിശേഷണം അവസാനിപ്പിച്ച് ചെറിയാൻ ഫിലിപ്പ് നിഷ്പക്ഷ റോളിലേക്ക് ? വരാനിരിക്കുന്നത് ഇടതു-വലതു രാഷ്ട്രീയത്തെക്കുറിച്ചുള്ള നിഷ്പക്ഷ എഴുത്തെന്ന് ചെറിയാൻ ഫിലിപ്പ് ! രാജ്യസഭാ സീറ്റ് കിട്ടാതെ വന്നതോടെ ഇടതു സഹയാത്രികൻ്റെ പെട്ടന്നുള്ള തീരുമാനത്തിൽ അമ്പരന്ന് ഇടതു നിരീക്ഷകരും. ചെറിയാൻ പറയാനാരുങ്ങുന്നത് രണ്ടു പതിറ്റാണ്ടിനിടെയുള്ള ഇടതു ക്യാമ്പിലെ അണിയറക്കഥകളൊ..? അന്തർനാടകങ്ങളും അരമന രഹസ്യങ്ങളും പുറത്താകുമോ ?

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Saturday, April 17, 2021

തിരുവനന്തപുരം: ഇടത് സഹയാത്രികൻ ചെറിയാൻ ഫിലിപ്പ് ഇനി നിഷ്പക്ഷ രാഷ്ട്രീയ നിരീക്ഷകന്റെ റോളിലേക്ക്. നിഷ്പക്ഷ രാഷ്ട്രീയ എഴുത്തിലേക്ക് കടക്കുകയാണെന്ന് ചെറിയാൻ ഫിലിപ്പ് തന്നെയാണ് വ്യക്തമാക്കി. രാജ്യസഭാ തെരഞ്ഞെടുപ്പിൽ സീറ്റു കിട്ടാതെ വന്നതിനെ തുടർന്ന് പുതിയ റോളു പ്രഖ്യാപിച്ച ചെറിയാൻ ഫിലിപ്പിൻ്റെ നടപടി രാഷ്ട്രിയ നിരീക്ഷകരെയും അമ്പരപ്പിക്കുകയാണ്.

കഴിഞ്ഞ നാൽപതു വർഷത്തെ കേരള രാഷ്ട്രീയത്തെ നിഷ്പക്ഷമായി അടയാളപ്പെടുത്തുമെന്നാണ് ചെറിയാൻ ഫിലിപ്പ് ഫെയ്സ്ബുക്കിൽ കുറിക്കുന്നത്. സിപിഎം രാജ്യസഭാ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതിന് പിന്നാലയുള്ള ചെറിയാൻ ഫിലിപ്പിന്റെ തീരുമാനം രാഷ്ട്രീയ കേന്ദ്രങ്ങൾ ​ഗൗരവത്തോടെയാണ് കാണുന്നത്.

ചെറിയാൻ ഫിലിപ്പിന് ഇക്കുറി രാജ്യസഭാ സീറ്റ് ലഭിക്കും എന്ന നിലയിൽ റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നെങ്കിലും അവസാന നിമിഷം തഴയപ്പെടുകയായിരുന്നു. 2001 ൽ കോണ്‍ഗ്രസുമായി തെറ്റിപ്പിരിഞ്ഞ് ഇടതുസഹയാത്രികനായി മാറിയ ചെറിയാന്‍ ഫിലിപ്പിനെ ഈ സര്‍ക്കാരിന്‍റെ കാലത്ത് ലൈഫ് പദ്ധതിയുടെ കോര്‍ഡിനേറ്ററായി നിയമിച്ചിരുന്നു.

2018 ജൂണില്‍ രാജ്യസഭയിലേക്ക് ഒഴിവു വന്നപ്പോള്‍ ചെറിയാന്‍ ഫിലിപ്പിനെ സിപിഎം പരിഗണിച്ചിരുന്നു. എന്നാല്‍ സിപിഎം നേതൃത്വത്തിലുള്ളയാള്‍ തന്നെ രാജ്യസഭയിലെത്തണം എന്ന തീരുമാനമുണ്ടായതോടെ കേന്ദ്രകമ്മിറ്റിയംഗം എളമരം കരീമിന് നറുക്കുവീഴുകയായിരുന്നു.

കഴിഞ്ഞതവണ നഷ്ടമായ രാജ്യസഭാ സീറ്റ് ഇത്തവണ കിട്ടുമെന്ന പ്രതീക്ഷയിലായിരുന്നു ചെറിയാന്‍ ഫിലിപ്പ്. എന്നാൽ ഇത്തവണയും തഴഞ്ഞതോടെയാണ് താന്‍ സജീവ രാഷ്ട്രീയത്തില്‍ നിന്ന് പുസ്തകരചനയിലേക്ക് മാറുന്നെന്ന് അദ്ദേഹം ഫെയ്സ് ബുക്കിലൂടെ വ്യക്തമാക്കിയത്. മേയ് രണ്ടിന് നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് പിന്നാലെ ചെറിയാന്‍ ഫിലിപ്പ് രാഷ്ട്രീയനിലപാട് വ്യക്തമാക്കുമെന്നാണ് സൂചന.

2001 ൽ സി പി എമ്മിലെത്തിയ ചെറിയാൻ ഫിലിപ്പ് പുതുപ്പള്ളിയിലും കല്ലൂപ്പാറയിലും വട്ടിയൂർക്കാവിലും മത്സരിച്ചെങ്കിലും വിജയിക്കാനായിരുന്നില്ല.

ചെറിയാന്‍ ഫിലിപ്പിന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റ് ഇങ്ങനെ–

‘ഇടതും വലതും ‘ -എഴുതി തുടങ്ങുന്നു. കർമ്മമേഖലയിൽ എഴുത്തിന് കൂടുതൽ പ്രാധാന്യം നൽകും.

നാല്പതു വർഷം മുൻപ് ഞാൻ രചിച്ച ‘കാൽ നൂറ്റാണ്ട് ‘ എന്ന കേരള രാഷ്ട്രീയ ചരിത്രം ഇപ്പോഴും രാഷ്ട്രീയ, ചരിത്ര ,മാദ്ധ്യമ വിദ്യാർത്ഥികളുടെ റഫറൻസ് ഗ്രന്ഥമാണ്.

ഇ എം എസ്, സി.അച്ചുതമേനോൻ , കെ.കരുണാകരൻ, എ.കെ ആൻ്റണി, ഇ കെ നായനാർ, പി കെ.വാസുദേവൻ നായർ, സി.എച്ച് മുഹമ്മദ് കോയ, ഉമ്മൻ ചാണ്ടി, കെ.എം മാണി, ആർ.ബാലകൃഷ്ണപിള്ള എന്നിവർ പ്രകാശന ചടങ്ങിൽ പങ്കെടുത്തിരുന്നു.

ബുദ്ധിപരമായ സത്യസന്ധത പുലർത്തുന്ന പുസ്തകം എന്നാണ് ഇ എം എസ് വിശേഷിപ്പിച്ചത്. ഈ പുസ്തകത്തിന് നിരവധി അവാർഡുകൾ ലഭിച്ചിരുന്നു. ഈ പുസ്തകത്തിൻ്റെ പിന്തുടർച്ചയായ നാല്പതു വർഷത്തെ ചരിത്രം എഴുതാൻ രാഷ്ട്രീയ തിരക്കുമൂലം കഴിഞ്ഞില്ല.

കാൽനൂറ്റാണ്ടിനു ശേഷമുള്ള ഇതുവരെയുള്ള കേരള രാഷ്ട്രീയ ചരിത്രം ഉടൻ എഴുതി തുടങ്ങും. ചരിത്രഗതിവിഗതികളോടൊപ്പം വിവിധ കക്ഷികളിലെ പുറത്തറിയാത്ത അന്തർനാടകങ്ങളും വിഭാഗീയതയുടെ അണിയറ രഹസ്യങ്ങളും നൂറു ശതമാനം സത്യസന്ധമായും നിക്ഷ്പക്ഷമായും പ്രതിപാദിക്കും.

ഇടതും വലതും – എന്നായിരിക്കും ചരിത്ര പുസ്തകത്തിൻ്റെ തലക്കെട്ട്

×