സഹോദരന്‍ ആത്മഹത്യ ചെയ്തത് ഏതാനും മാസങ്ങള്‍ക്ക് മുമ്പ്; ഐപിഎല്ലിലൂടെ ജീവിതം തിരിച്ചുപിടിക്കുന്നതിനിടെ കൊവിഡ് ബാധിച്ച് അച്ഛന്റെ മരണം; ചേതന്‍ സക്കരിയക്ക് ഇത് വേദനയുടെ കാലം !

സ്പോര്‍ട്സ് ഡസ്ക്
Sunday, May 9, 2021

ഭാവ്നഗർ: രാജസ്ഥാന്‍ റോയല്‍സ് താരം ചേതൻ സക്കരിയയുടെ പിതാവ് കാഞ്ചിഭായ് സക്കരിയ കൊവിഡ് ബാധിച്ച് മരിച്ചു. കൊവിഡ് ബാധിതനായതിനെ തുടര്‍ന്ന് ഗുജറാത്തിലെ ഭാവ്‌നഗറിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് കാഞ്ചിഭായി സക്കറിയയുടെ മരണം.

ഐപിഎൽ) 14–ാം സീസണിൽ രാജസ്ഥാൻ റോയൽസിന്റെ താരമായിരുന്ന ചേതൻ സക്കരിയ, ടൂർണമെന്റ് പാതിവഴിയിൽ നിർത്തിവച്ചതോടെ നാട്ടിലേക്കു മടങ്ങിയിരുന്നു. ഇതിനിടെയാണ് പിതാവ് കൊവിഡ് ബാധിതനായി മരിച്ചത്.

ചേതന്‍ സക്കരിയയുമായി ഫോണിലൂടെ ബന്ധപ്പെട്ടിരുന്നെന്നും എല്ലാ സഹായവും പിന്തുണയും നല്‍കുമെന്നും രാജസ്ഥാന്‍ റോയല്‍സ് ടീം ട്വിറ്ററിലൂടെ അറിയിച്ചു. ‘കാഞ്ചിഭായി സക്കരിയ കൊവിഡിനെതിരായ പോരാട്ടത്തില്‍ കീഴടങ്ങിയത് വേദനിപ്പിക്കുന്നു. ഈ പ്രതിസന്ധി ഘട്ടത്തില്‍ ചേതന്‍ സക്കരിയക്കും കുടുംബത്തിനും പൂര്‍ണ പിന്തുണ നല്‍കുന്നു. സാധ്യമായ എല്ലാ സഹായവും നല്‍കും.’ രാജസ്ഥാന്‍ റോയല്‍സ് വ്യക്തമാക്കി.

ഇന്ത്യൻ പ്രീമിയർ ലീഗിൽനിന്ന് കിട്ടിയ പണമുപയോഗിച്ചാണ് പിതാവിന്റെ ചികിത്സ നടത്തുന്നതെന്ന് ചേതൻ സക്കരിയ കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. വീട്ടിലെ സാമ്പത്തിക ഞെരുക്കത്തെക്കുറിച്ച് സംസാരിക്കുമ്പോഴാണ് ഐപിഎൽ കളിച്ചതിന്റെ പ്രതിഫലത്തിൽ ഒരു ഭാഗം കഴിഞ്ഞ ദിവസം രാജസ്ഥാൻ റോയൽസിൽനിന്ന് ലഭിച്ചെന്നും ആ പണം പിതാവിന്റെ ചികിത്സയ്ക്ക് ഉപയോഗിക്കുകയാണെന്നും ചേതൻ വെളിപ്പെടുത്തിയത്.

ഐപിഎല്ലില്‍ അരങ്ങേറ്റം കുറിക്കാനായി ചേതന്‍ എത്തിയത് സഹോദരന്‍ നഷ്ടപ്പെട്ട വേദനയുമായാണ്. സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ കളിക്കുമ്പോഴാണ് ചേതന്റെ സഹോദരന്‍ ആത്മഹത്യ ചെയ്തത്. എന്നാല്‍ മരണവാര്‍ത്ത കുടുംബാംഗങ്ങള്‍ ചേതനെ അറിയിച്ചിരുന്നില്ല. ടൂര്‍ണമെന്റ് കഴിഞ്ഞപ്പോഴാണ് ചേതന്‍ ഈ വിവരം അറിയുന്നത്. ഇത് ഏറെ തളര്‍ത്തിയിരുന്നെന്നും ചേതന്‍ ഐപിഎല്ലിന് മുമ്പ് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

ആഭ്യന്തര ക്രിക്കറ്റിൽ സൗരാഷ്ട്രയ്ക്കു കളിക്കുന്ന ചേതനെ ഇക്കഴിഞ്ഞ ഐപിഎൽ താരലേലത്തിൽ 1.2 കോടി രൂപയ്ക്കാണ് രാജസ്ഥാൻ റോയൽസ് ടീമിലെത്തിച്ചത്.

×