നവവധുവിനെ അണിയിക്കേണ്ട താലിമാല വഴിയിൽ പോയി; വലഞ്ഞ് വരൻ, ഒടുവിൽ

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Thursday, January 21, 2021

നീലീശ്വരം : വഴിയിലൊരു ബാഗ് വീണുകിടക്കുന്നത്, ജോലിക്കിടയിലാണ് സിവിൽ പൊലീസ് ഓഫിസർ ജിത്തിന്റെ ശ്രദ്ധയിൽപ്പെടുന്നത്. എടുത്തു നോക്കിയപ്പോൾ ബാഗിനുള്ളിൽ പ‍ുതിയൊരു താലിമാല. ഉടൻ തന്നെ വിവരം ട്രാഫിക് സ്റ്റേഷനിൽ അറിയിച്ചു.

ഇതേസമയം, നവവധുവിനെ അണിയിക്കേണ്ട താലിമാല നഷ്ടപ്പെട്ട വേദനയിൽ എന്തുചെയ്യണമെന്നറിയാതെ നിൽക്കുകയായിരുന്നു പ്രതിശ്രുത വരൻ നീലീശ്വരം ചക്കുമലശേരിൽ ജിനു. മാല സുരക്ഷിതമാണെന്നു ട്രാഫിക് പൊലീസിൽ നിന്ന് അറിയിച്ചതോടെ ജിനുവിനു സമാധാനം.

ശനിയാഴ്ച ഉച്ചയോടെ അശ്വനി ജംക്‌ഷനിലാണു ബാഗ് കളഞ്ഞുപോയത്. അത്താണിയിൽ ജോലി ചെയ്യുന്ന ജിനു മലയാറ്റൂരിലെ വീട്ടിലേക്കു ബൈക്കിൽ പോകുകയായിരുന്നു. താലിമാലയും തിരിച്ചറിയൽ രേഖകളുമടങ്ങുന്ന ബാഗ് ബൈക്കിന്റെ പിന്നിൽ കെട്ടിവച്ചിരുന്നു.

പാലിയേക്കരയിലെ പെട്രോൾ പമ്പിലെത്തിയപ്പോഴാണു പിന്നിൽ ബാഗ് ഇല്ലെന്നു അറിയുന്നത്. സഞ്ചരിച്ച വഴിയിലൂടെ ബാഗ് തിരഞ്ഞുപോകുകയായിരുന്നു ജിനു. ജിത്ത് ഈസമയം ബാഗ് ട്രാഫിക് സ്റ്റേഷനിലെത്തിച്ചിരുന്നു.

ബാഗിനുള്ളിൽ കണ്ട ജിനുവിന്റെ സഹോദരന്റെ ഫോൺ നമ്പറിലേക്കു വിളിച്ചാണ് പൊലീസ് ആശ്വാസ വാർത്ത അറിയിച്ചത്. സ്റ്റേഷനിലെത്തി ജിത്ത‍ിൽ നിന്നു ജിനു ബാഗ് കൈപ്പറ്റി.

×