നമ്പി നാരായണന്‍റെ ഔദ്യോഗിക ജീവിതവും കുടുംബ ജീവിതവും കശക്കിയെറിഞ്ഞു. 1967 -ല്‍ ഒമ്പതംഗങ്ങളുടെ നേതാവായി കേരള രാഷ്ട്രീയത്തില്‍ പടയോട്ടം നടത്തിയ കെ കരുണാകരന് നഷ്ടമായത് മുഖ്യമന്ത്രി പദവും അവശേഷിക്കുന്ന രാഷ്ട്രീയവുമാണ്. ചാരക്കേസ് വീണ്ടും അന്വേഷിക്കേണ്ടതുതന്നെ ! – മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ജേക്കബ് ജോര്‍ജിന്‍റെ മുഖപ്രസംഗം

ജേക്കബ് ജോര്‍ജ് - ചീഫ് എഡിറ്റര്‍
Friday, April 16, 2021

ഐഎസ്ആര്‍ഒ ചാരക്കേസ് ഇപ്പോഴും വേട്ടയാടുകയാണ് അതന്വേഷിച്ച കേരളാ പോലീസുദ്യോഗസ്ഥരെ, ഒത്താശ ചെയ്ത ഐബി ഉദ്യോഗസ്ഥരെ. കാക്കിയുടെ ബലത്തിലും ബൂട്ടിന്‍റെ ശക്തിയിലും രാജ്യത്തെ പ്രമുഖ ബഹിരാകാശ ശാസ്ത്രജ്ഞന്മാരിലൊരാളായ നമ്പി നാരായണന്‍റെ ഔദ്യോഗിക ജീവിതവും കുടുംബ ജീവിതവും കശക്കിയെറിഞ്ഞ ഉദ്യോഗസ്ഥന്മാരുടെ പേരില്‍ സുപ്രീം കോടതി അന്വേഷണം പ്രഖ്യാപിച്ചത് വലിയൊരു സൂചനയാണ്.

സുപ്രീം കോടതി നിയോഗിച്ച മുന്‍ ജസ്റ്റിസ് ഡികെ ജെയിന്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് അടിസ്ഥാനമാക്കി ചാരക്കേസിലെ ഗൂഢാലോചന അന്വേഷിക്കാനാണ് സുപ്രീം കോടതി ഉത്തരവിട്ടിരിക്കുന്നത്. അന്വേഷണ റിപ്പോര്‍ട്ട് മൂന്നു മാസത്തിനുള്ളില്‍ സമര്‍പ്പിക്കണം. നമ്പി നാരായണനു മാത്രമല്ല, സമൂഹത്തിനും ആശ്വാസം നല്‍കുന്ന വിധി.

1994 ഒക്ടോബര്‍ 15 -ാം തീയതി ഇന്‍സ്പെക്ടര്‍ എസ് വിജയന്‍ വിസാ കാലാവധി കഴിഞ്ഞിട്ടും മടങ്ങിപ്പോകാതിരുന്നതിന് മാലി വനിത മറിയം റഷീദയെ അറസ്റ്റ് ചെയ്തതില്‍ നിന്നാണ് നാടിനെ നടുക്കിയ ഐഎസ്ആര്‍ഒ ചാരക്കേസിന്‍റെ തുടക്കം. പിന്നെ മാലിയില്‍ നിന്നു തന്നെയുള്ള ഫൗസിയാ ഹസന്‍, ഐഎസ്ആര്‍ഒയില്‍ എഞ്ചിനീയര്‍മാരായ ശശികുമാരന്‍, നമ്പി നാരായണന്‍, ചില കരാറുകാര്‍ എന്നിങ്ങനെ പലരും അറസ്റ്റിലായി.

ചാരപ്രവര്‍ത്തനം എന്നു കേട്ടപാടേ ഇന്‍റലിജന്‍സ് ബ്യൂറോ രംഗത്തെത്തി. പ്രതികളുടെ കൂട്ടത്തില്‍ പെട്ടെന്ന് ഐജി രമണ്‍ ശ്രീവാസ്തവയുടെ പേര് ഉയര്‍ന്നു വന്നു. കേസന്വേഷണത്തിന് കേരളാ പോലീസില്‍ കുറ്റാന്വേഷണത്തിനു പേരുകേട്ട ഡിഐജി സിബി മാത്യുവിന്‍റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു. അനേകമനേകം ചാരക്കഥകള്‍ പത്രത്താളുകളിലൂടെ പുറത്തുവന്നുകൊണ്ടിരുന്നു. കേരളം ഇക്കഥയും വായിച്ചു തരിച്ചിരുന്നു. ചിലര്‍ രോമാഞ്ചം കൊണ്ടു. ഇതൊക്കെയും ചില പോലീസുകാരോ പത്രക്കാരോ സൃഷ്ടിച്ച കഥകളായിരുന്നുവെന്നാണ് സിബിഐ അന്വേഷണം തെളിയിച്ചത്. അവര്‍ എല്ലാം പൊളിച്ചടുക്കി.

മറിയം റഷീദയെ ലോക്കപ്പില്‍ പോലീസുകാര്‍ ക്രൂരമായി മര്‍ദിച്ചു. രമണ്‍ ശ്രീവാസ്തവ ചെന്നൈയിലെ മദ്രാസ് ഇന്‍റര്‍നാഷണല്‍ ഹോട്ടലില്‍ താമസിച്ച് മറിയം റഷീദ, ഫൗസിയാ ഹസന്‍ എന്നിര്‍ കൊണ്ടുവന്ന ഡോളര്‍ കൈപ്പറ്റിയെന്ന് പോലീസിന്‍റെ വക കണ്ടെത്തല്‍. ഇങ്ങനെ നുണ കഥകളൊക്കെ കോര്‍ത്തിണക്കിയുണ്ടാക്കിയ പോലീസിന്‍റെയും ഐബിയുടെയും കേസ് സിബിഐ വിശദമായ അന്വേഷണത്തിലൂടെ തകര്‍ക്കുകയായിരുന്നു. സിബിഐ റിപ്പോര്‍ട്ട് ഹൈക്കോടതി ശരിവച്ചു. പ്രതികളെല്ലാവരും മോചിക്കപ്പെട്ടു. കൊടിയ പിഢനമനുഭവിച്ച നമ്പി നാരായണനും.

ചാരക്കേസിന് രാഷ്ട്രീയത്തിലും ദുരന്തഫലമുണ്ടായി. കെ കരുണാകരന് നഷ്ടപ്പെട്ടത് സംസ്ഥാന മുഖ്യമന്ത്രിസ്ഥാനം. 1967 -ല്‍ ഒമ്പതംഗങ്ങളുടെ നേതാവായി കേരള നിയമസഭയിലെത്തിയ കരുണാകരന്‍ ഏറെ പാടുപെട്ടാണ് കോണ്‍ഗ്രസ് പാര്‍ട്ടി പടുത്തുയര്‍ത്തിയത്. ഭരണത്തിലേയ്ക്ക് തിരികെ വരാന്‍ ഐക്യമുന്നണിയും അദ്ദേഹം വാര്‍ത്തെടുത്തു. ഘടകകക്ഷികളെയൊക്കെ ഒപ്പം കൂട്ടി. സിപിഐയേയും കൂടെനിര്‍ത്തി. അധികാരത്തില്‍ തിരികെയെത്തിയ കരുണാകരനെ വീഴിച്ചത് കോണ്‍ഗ്രസിലെ തന്നെ ഗ്രൂപ്പ് വഴക്കാണ്. ചാര കസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നു സംശയിക്കപ്പെട്ട രമണ്‍ ശ്രീവാസ്തവയെ സംരക്ഷിക്കുന്നതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസില്‍തന്നെ കലാപക്കൊടി ഉയര്‍ന്നു.

ക്രമേണ കരുണാകരനെതിരെ സമ്മര്‍ദം മുറുകി. പുറത്ത് പൊതുസമൂഹത്തില്‍ കരുണാകരന്‍ രാജ്യദ്രോഹി എന്ന് മുദ്രകുത്തപ്പെട്ടു. 1995 മാര്‍ച്ച് 16 ന് കരുണാകരന്‍ രാജിവച്ചു. പകരം ഡല്‍ഹിയില്‍ നിന്നു പറന്നെത്തിയ എകെ ആന്‍റണി മാര്‍ച്ച് 22 -ാം തീയതി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.

എത്രയെത്ര ദുരന്തങ്ങള്‍ ! ആരാണുത്തരവാദി ? ആരാണ് കെട്ടുകഥകളും കള്ളത്തെളിവുകളുമുണ്ടാക്കിയത് ? സിബിഐ അന്വേഷിക്കട്ടെ…

×