ഇപ്പോഴത്തെ സാഹചര്യത്തില്‍ ലഭ്യമാകുന്ന എല്ലാ സഹായങ്ങളും അദ്ദേഹത്തിന് ലഭ്യമാക്കണം ; തുഷാര്‍ വെള്ളാപ്പള്ളി യു.എ.ഇയില്‍ അറസ്റ്റിലായതിന് പിന്നാലെ വിദേശ കാര്യമന്ത്രിക്ക് പിണറായി വിജയന്റെ കത്ത് 

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Thursday, August 22, 2019

തിരുവനന്തപുരം: ബി.ഡി.ജെ.എസ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി യു.എ.ഇയില്‍ അറസ്റ്റിലായതിന് പിന്നാലെ വിദേശ കാര്യമന്ത്രിക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ കത്ത്.

അദ്ദേഹത്തിന്റെ ക്ഷേമത്തെയും ആരോഗ്യാവസ്ഥയെയും സംബന്ധിച്ചുള്ള ആശങ്ക അറിയിച്ചുകൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ കത്ത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ലഭ്യമാകുന്ന എല്ലാ സഹായങ്ങളും അദ്ദേഹത്തിന് ലഭ്യമാക്കണമെന്നും കത്തില്‍ പറയുന്നുണ്ട്.

ബിസിനസ്സ് പങ്കാളിക്ക് വണ്ടിച്ചെക്ക് നല്‍കിയെന്ന കേസിലാണ് തുഷാര്‍ വെള്ളാപ്പള്ളിയെ അറസ്റ്റ് ചെയ്തത്. തൃശൂര്‍ സ്വദേശി നാസില്‍ അബ്ദുള്ളയാണ് പരാതിക്കാരന്‍. ഒരു കോടി ദിര്‍ഹത്തിന്റെ ചെക്ക് മടങ്ങിയ കേസിലാണ് അറസ്റ്റ്. ഏകദേശം പത്തൊമ്പത് കോടി നാല്‍പ്പത്തഞ്ച് ലക്ഷം രൂപയുടേതാണ് ചെക്ക്.

പത്ത് വര്‍ഷം മുന്‍പാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. അജ്മാനില്‍ നേരത്തെ തുഷാറിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന ബോയിങ് കണ്‍സ്ട്രക്ഷന്‍സിന്റെ സബ് കോണ്‍ട്രാക്ടര്‍മാരായിരുന്നു നാസില്‍ അബ്ദുള്ളയുടെ കമ്പനി.

എന്നാല്‍ പത്തുവര്‍ഷം മുമ്പ് നഷ്ടത്തിലായ കമ്പനി വെള്ളാപ്പള്ളി കൈമാറി. അതേസമയം സബ് കോണ്‍ട്രാക്ടറായിരുന്ന നാസില്‍ അബ്ദുള്ളക്ക് കുറച്ച് പണം നല്‍കാനുണ്ടായിരുന്നു. ഇതിന് പകരമായി നല്‍കിയ ചെക്കിന്റെ പേരിലായിരുന്നു പരാതി.

×