വീട്ടില്‍ ഉറക്കി കിടത്തിയ കുഞ്ഞിനെ രാവിലെ മുതല്‍ കാണാതായി ; അന്വേഷിച്ചു ചെന്നപ്പോള്‍ കടല്‍ത്തീരത്തെ പാറക്കെട്ടില്‍ കണ്ടെത്തിയത് കുഞ്ഞിന്റെ മൃതദേഹം ; വീട്ടില്‍ ഉറങ്ങിക്കിടന്ന ഒന്നരവയസ്സുകാരന്‍ കടലില്‍ എങ്ങനെ എത്തിയെന്ന് നാട്ടുകാര്‍ ; സംഭവം കണ്ണൂരില്‍

ന്യൂസ് ബ്യൂറോ, കണ്ണൂര്‍
Monday, February 17, 2020

കണ്ണൂർ: തയ്യിലിൽ ഒന്നരവയസുകാരന്റെ മൃതദേഹം കടലിൽ കണ്ടെത്തി. തയ്യിൽ കൊടുവള്ളി ഹൗസിൽ ശരണ്യയുടെയും പ്രണവിനെയും മകൻ ഒന്നരവയസുകാരൻ റിയാന്റെ മൃതദേഹമാണ് ഇവിടുത്തെ കടപ്പുറത്ത് കണ്ടെത്തിയത്.

ഇന്നലെ വീട്ടിൽ ഉറക്കി കിടത്തിയിരുന്ന കുട്ടിയെ രാവിലെ 6.20 മണിയോടടുത്ത് കാണാതായെന്ന് പിതാവ് പൊലീസിൽ പരാതി നൽകിയിരുന്നു. കുഞ്ഞിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് ശരണ്യയുടെ ബന്ധുവായ സിജിത്ത് പറയുന്നത്.

കുട്ടി വീടിനുള്ളിൽ ഉണ്ടായിരുന്നുവെന്നും രാവിലെ വരെ വീടിന്റെ കതകുകൾ ഒന്നും തുറന്നിരുന്നില്ലെന്നും സിജിത്ത് പറയുന്നു. അച്ഛനായ പ്രണവിനൊപ്പമാണ് കുട്ടി കിടന്നതെന്നും അമ്മ ചൂട് കാരണം വീടിന്റെ ഹാളിൽ കിടന്നുവെന്നും കുഞ്ഞിന്റേത് കൊലപാതകമാണെന്ന് താൻ സംശയിക്കുന്നുവെന്നും സിജിത്ത് പറയുന്നുണ്ട്. രാവിലെ മൂന്ന് മണിക്ക് കുഞ്ഞ് എഴുന്നേറ്റുവെന്നും ശേഷം പ്രണവിനൊപ്പം കിടത്തിയുറക്കുകയായിരുന്നുവെന്ന് ശരണ്യയും പറഞ്ഞു.

ഒടുവിൽ രാവിലെ പൊലീസ് നടത്തിയ തിരച്ചിലിലാണ് കടപ്പുറത്തെ കരിങ്കൽ ഭിത്തികൾക്കിടയിൽ നിന്നും കുട്ടിയുടെ ജീവനറ്റ ശരീരം കണ്ടെടുക്കുന്നത്. സംഭവത്തിൽ കുട്ടിയുടെ മാതാപിതാക്കളെയടക്കം പൊലീസ് ചോദ്യം ചെയ്തുവരികയാണ്.

×